Dailyhunt
ചാവക്കാട് കുള്ളനി'ലൂടെ ലിജോയുടെ വിജയഗാഥ

ചാവക്കാട് കുള്ളനി'ലൂടെ ലിജോയുടെ വിജയഗാഥ

ദീപിക 4 months ago

പൂർവികരായി നടത്തിവന്ന കൃഷി തന്റേതായ രീതിയില്‍ ഹൈടെക് ആക്കി അതില്‍ വമ്ബൻ വിജയം വെട്ടിപ്പിടിച്ചിരിക്കുകയാണ് ലിജോ ലോറൻസ് (34) എന്ന ബിരുദാനന്തര ബിരുദധാരി.

സോഷ്യല്‍ മീഡിയയുടെയും പുത്തൻ വിപണന രീതികളുടെയും ഗുണഫലങ്ങള്‍ ഉപയുക്തമാക്കിയതോടെ ഓർഡർ അനുസരിച്ച്‌ തൈകള്‍ കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് മലബാർ കോക്കനട്ട് അഗ്രി ഫാമിന്റെ എല്ലാമെല്ലാമായ ഈ ചെറുപ്പക്കാരൻ.

65 വർഷത്തെ പാരന്പര്യം

ഏതാണ്ട് 65 വർഷം മുൻപാണ് തൃശൂർ ജില്ലയിലെ പാവറട്ടി ഒലക്കേങ്കല്‍ ജോസ് തന്റെ വീടിനോടുചേർന്ന് നാടൻ തെങ്ങിൻതൈകള്‍ മുളപ്പിച്ച്‌ വില്‍ക്കാൻ തുടങ്ങിയത്. അത് മകൻ ലോറൻസ് അല്പംകൂടി വിപുലീകരിച്ച്‌ പിന്തുടർന്നു.

പക്ഷേ ചെറുമകൻ ലിജോയിലേക്ക് എത്തിയപ്പോള്‍ അത് ഹൈടെക് ആയി; ഇന്ത്യയില്‍ ഉടനീളം വിപണിയുള്ള മലബാർ കോക്കനട്ട് അഗ്രി ഫാം മുന്നേറി. ഇന്ന് ചാവക്കാട് കുള്ളൻ, ഗംഗാബോണ്ടം, ഡി x ടി, ചാവക്കാട് ഓറഞ്ച്, ചാവക്കാട് യെല്ലോ, മലേഷ്യൻ ഗ്രീൻ, മലേഷ്യൻ യെല്ലോ, മലേഷ്യൻ കുള്ളൻ നാടൻ ഇനങ്ങളായ ചാവക്കാട് നാടൻ, കുറ്റ്യാടി നാടൻ എന്നിങ്ങനെ 12 ഇനം തെങ്ങിൻ തൈകളും വിവിധതരം ഫലവൃക്ഷങ്ങളുടെ തൈകളും ഇവർ വിപണനം നടത്തുന്നുണ്ട്.

തെങ്ങിൻ തൈ ഉത്പാദനം

വിവിധതരം തെങ്ങുകളുടെ ഗുണമേന്മയുള്ള വിത്തു തേങ്ങകള്‍ ശേഖരിച്ച്‌ സ്വന്തം കൃഷിയിടത്തില്‍ കൊണ്ടുവന്നു മുളപ്പിച്ചെടുത്ത് പാക്കറ്റിലാക്കി വിപണനം നടത്തുകയാണ് ഇവർ. ചാവക്കാട് കുള്ളൻ, ഡി x ടി, മലേഷ്യൻ ഗ്രീൻ, ഗംഗാബോണ്ടം എന്നീ ഹൈബ്രിഡ് തൈകള്‍ക്കാണ് ആവശ്യക്കാരേറെയും. ഇതില്‍ മലേഷ്യൻ ഗ്രീനും യെല്ലോയും സാധാരണ ഇളനീർ ആവശ്യത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ വെള്ളമുണ്ടാകും. ഒരു മലേഷ്യൻ യെല്ലോ കരിക്കില്‍ ഒരു ലിറ്ററോളം വെള്ളം കിട്ടും.

കരിക്കിന്റെ (ഇളനീർ ) വിപണി സമീപകാലത്തായി വളരെ വലുതായതോടെ ഇത്തരം തൈകളുടെ ഡിമാൻഡ് ഏറെ വർധിച്ചിട്ടുണ്ട്. പപ്പായയുടെ ആകൃതിയും പച്ചനിറവുമുള്ള ഗംഗാബോണ്ടം കുലയില്‍ ഏറെ എണ്ണം വരുമെന്നതിനാല്‍ അതിനും ആവശ്യക്കാരേറെയാണ് .

ചാവക്കാട് കുള്ളൻ ഹൈലൈറ്റ്

ലിജോ ഉപഭോക്താക്കളോട് ഏറ്റവും കൂടുതല്‍ നിർദേശിക്കുന്നതു രണ്ട് ഇനങ്ങളാണ്. ഒന്ന് ചാവക്കാട് കുള്ളനും മറ്റൊന്ന് ഡി ഇൻടു ടി യും. വെളിച്ചെണ്ണ, തേങ്ങ, ഇളനീർ എന്നീ മൂന്ന് ആവശ്യങ്ങള്‍ക്കും ഏറ്റവും ഉപകാരപ്രദമായ തെങ്ങുകളാണിവ. ആവശ്യത്തിനുള്ള വെള്ളവും എണ്ണയും ഇവ രണ്ടില്‍നിന്നും ലഭിക്കും എന്നതാണ് ഇവയുടെ പ്രത്യേകത. ഇതില്‍ത്തന്നെ ഒന്നാമൻ ചാവക്കാട് കുള്ളനാണ്.

വെസ്റ്റ് കോസ്റ്റ് ടോളും ചാവക്കാട് ഗ്രീനും തമ്മിലുള്ള സങ്കരയിനമാണ് ചാവക്കാട് കുള്ളൻ. നല്ല വെയിലുള്ളയിടത്ത് വച്ചാല്‍ മൂന്നു മൂന്നര വർഷം കൊണ്ട് കായ്ക്കും. അഞ്ചാറു വർഷം പ്രായമായാല്‍ 100 മുതല്‍ 200 തേങ്ങവരെ വർഷം ലഭിക്കും. ഒരു കുലയില്‍ 20-25 തേങ്ങവരെ പിടിക്കും. സ്ഥലപരിമിതിയുള്ളവർക്കും നടാവുന്ന ഏറ്റവും അനുയോജ്യമായ ഇനമാണിത്. മറ്റ് ഇനങ്ങളെ അപേക്ഷിച്ച്‌ കേട് വളരെ കുറവാണ്. ഗ്രീൻ ഇനങ്ങള്‍ക്ക് കേട് കൂടുതല്‍ വരാനുള്ള പ്രധാന കാരണം ഇവയുടെ കൂമ്ബിന്റെ മധുരമാണ്. ഇത് പ്രാണികള്‍ക്കും കീടങ്ങള്‍ക്കും ഏറെ ഇഷ്ടമാണ്.

നടീല്‍, പരിചരണം

രണ്ട് അടി വീതിയും രണ്ട് അടി താഴ്ചയും ഉള്ള കുഴിയെടുത്ത് ഇവയുടെ തൈകള്‍ നടാം. നടുന്നതിന് മൂന്നുനാലു ദിവസം മുൻപ് കുമ്മായം ഇട്ടുവയ്ക്കണം. അടിവളമായി എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം ഒരു കിലോ വീതം ഓരോ കുഴിയിലും നല്‍കുക. നല്ല വെയിലുള്ളയിടത്ത് വേണം തൈകള്‍ നടാൻ.

തണലില്‍ തൈകള്‍ വച്ചാല്‍ ഒരിക്കലും മൂന്നര നാലുവർഷംകൊണ്ട് കായ്ക്കില്ല. നാലു വശങ്ങളില്‍നിന്നും വെയില്‍ ലഭിക്കണം. തൈകള്‍ തമ്മില്‍ 15 അടി അകലം മതിയെന്നതിനാല്‍ കൂടുതല്‍ തൈകള്‍ നടാനാകും. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് ആഴ്ചയില്‍ മൂന്നു നനയും അല്ലാത്തപ്പോള്‍ ആഴ്ചയില്‍ രണ്ടു നനയും നിർബന്ധം. വർഷത്തില്‍ രണ്ടുതവണ വളം ചെയ്യണം. നിലത്തുനിന്ന് രണ്ടര അടി ഉയരമാകുമ്ബോള്‍ത്തന്നെ കായ്ച്ചുതുടങ്ങും. ഓലയ്ക്ക് നീളം കുറവാണ്. 40 വർഷം ആയുസുള്ള ഇവയ്ക്ക് പരമാവധി 16 അടി ഉയരമേ വരൂ.

ഡെലിവറി സൗകര്യം

കേരളത്തിനകത്തും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ഉള്ള നഴ്സറികളിലേക്ക് ഇവരുടെ തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ തൈകള്‍ ചോദിച്ച്‌ വിളിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ 50 രൂപ കൊറിയർ ചാർജ് ഏർപ്പെടുത്തി വീടുകളിലേക്കും തൈകള്‍ വിതരണം ചെയ്യാൻതുടങ്ങി.

""പായ്ക്കിംഗിനുതന്നെ ഇതിനേക്കാള്‍ കൂടുതല്‍ ചെലവ് വരുന്നുണ്ട്. എങ്കിലും ടൗണിലും മറ്റും അഞ്ചു സെന്റില്‍ വീടുവയ്ക്കുന്നവർക്ക് പുരയിടത്തില്‍ ഒരു തെങ്ങിൻതൈ വച്ച്‌ സ്വന്തം വീട്ടാവശ്യത്തിനുള്ള തേങ്ങ ലഭിക്കണമെന്ന് ഒരു സ്വപ്നം ഉണ്ടാകുമ്ബോള്‍ നമ്മളത് സാധിച്ചു കൊടുക്കണ്ടേയെന്ന് കരുതിയാണ് ഇത്തരമൊരു വിപണനരീതി തുടങ്ങിയത്. തേങ്ങയ്ക്ക് വില വല്ലാതെ വർധിച്ചതിനാല്‍ വിത്തു തേങ്ങ കിട്ടാനില്ലാതായി. അതോടെ ഡിമാൻഡ് അനുസരിച്ച്‌ തൈകള്‍ കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞങ്ങള്‍''-ലിജോ പറഞ്ഞു.

അപ്പൻ ലോറൻസും രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ഭാര്യ ഹരിതയും പൂർണ പിന്തുണയുമായി ലിജോയ്ക്കൊപ്പമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika