Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്രിസ് ഗെയ്‌ലിന്റെ 'യൂണിവേഴ്സല്‍ ബോസ്' സിംഹാസനം തെറിച്ചു; ടി20 ക്രിക്കറ്റില്‍ ഇനി പൊള്ളാര്‍ഡ് യുഗം!

ക്രിസ് ഗെയ്‌ലിന്റെ 'യൂണിവേഴ്സല്‍ ബോസ്' സിംഹാസനം തെറിച്ചു; ടി20 ക്രിക്കറ്റില്‍ ഇനി പൊള്ളാര്‍ഡ് യുഗം!

ഡാളസ്: ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തില്‍ യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലിന്റെ വമ്പൻ റെക്കോർഡ് തകർത്ത് വെസ്റ്റ് ഇൻഡീസ് മുൻ നായകൻ കീറോണ്‍ പൊള്ളാർഡ്.

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡാണ് പൊള്ളാർഡ് സ്വന്തം പേരിലാക്കിയത്. അമേരിക്കയില്‍ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റില്‍ (MLC) എംഐ ന്യൂയോർക്കിനായി (MI New York) നടത്തിയ സെഞ്ച്വറി പ്രകടനത്തോടെയാണ് പൊള്ളാർഡ് ചരിത്ര സിംഹാസനത്തില്‍ കയറിയത്.

റെക്കോർഡ് തകർത്ത 'പൊള്ളി' വിസ്മയം

മത്സരത്തിന് മുമ്പ് ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് മറികടക്കാൻ പൊള്ളാർഡിന് 81 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. വാഷിംഗ്ടണ്‍ ഫ്രീഡത്തിനെതിരായ മത്സരത്തില്‍ വെറും 56 പന്തില്‍ നിന്നാണ് പൊള്ളാർഡ് സെഞ്ച്വറി തികച്ചത്. മൊത്തം ഇന്നിങ്സില്‍ 11 ഫോറുകളും 4 കൂറ്റൻ സിക്സറുകളും ഉള്‍പ്പെട്ടിരുന്നു.

വർഷങ്ങളായി ക്രിസ് ഗെയ്ല്‍ കയ്യടക്കി വെച്ചിരുന്ന 14,562 റണ്‍സ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഗെയ്ല്‍ 463 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയതെങ്കില്‍, നിലവില്‍ 736 മത്സരങ്ങളില്‍ നിന്നായി 14,582 റണ്‍സോടെ പൊള്ളാർഡ് ലോകത്ത് ഒന്നാമതെത്തി. മത്സരത്തില്‍ വാഷിംഗ്ടണ്‍ ഫ്രീഡം താരം മിച്ചല്‍ ഓവന്റെ (155 റണ്‍സ്) ബാറ്റിങ് കരുത്തില്‍ ഉയർത്തിയ 246 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യം മറികടക്കാൻ പൊള്ളാർഡിന്റെ ഇന്നിങ്സിനായില്ലെങ്കിലും വ്യക്തിഗത നേട്ടത്തില്‍ താരം ചരിത്രത്തിന്റെ ഭാഗമായി. റണ്‍വേട്ടയ്ക്ക് പുറമെ ടി20യില്‍ 333 വിക്കറ്റുകളും പൊള്ളാർഡിന്റെ പേരിലുണ്ട്.

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവർ:

  1. കീറോണ്‍ പൊള്ളാർഡ്-14,582
  2. ക്രിസ് ഗെയ്ല്‍ -14,562
  3. അലക്സ് ഹെയ്ല്‍സ്-14,449
  4. ജോസ് ബട്ലർ -14,371
  5. ഡേവിഡ് വാർണർ - 14,284

'ക്രിസ് ഗെയ്ല്‍ ഞങ്ങള്‍ ആദരിക്കുന്ന വ്യക്തി'; വൈകാരികനായി പൊള്ളാർഡ്

ചരിത്ര റെക്കോർഡ് സ്വന്തമാക്കിയതിന് ശേഷം വികാരഭരിതനായാണ് പൊള്ളാർഡ് പ്രതികരിച്ചത്. തന്റെ കരിയറിന് പിന്തുണ നല്‍കിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും താരം നന്ദി പറഞ്ഞു.

"വളരെ സന്തോഷം തോന്നുന്നു. എന്നെ എപ്പോഴും പിന്തുണച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ നന്ദി. ക്രിസ് ഗെയ്ല്‍ ഞങ്ങള്‍ എന്നും വളരെ ആദരവോടെ മാത്രം കാണുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. ഒരു ഫിനിഷറുടെ റോളില്‍ ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങി ബാറ്റ് ചെയ്ത് ഇത്രയും റണ്‍സ് നേടുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കഴിഞ്ഞ കുറേ കാലമായി മത്സരങ്ങള്‍ മികച്ച രീതിയില്‍ പൂർത്തിയാക്കുക എന്നതായിരുന്നു എന്റെ ചുമതല," മത്സരശേഷം പൊള്ളാർഡ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham