തിരുവനന്തപുരം : പ്രഗത്ഭ മാദ്ധ്യമപ്രവർത്തകനും ജേർണലിസം അദ്ധ്യാപകനുമായ എൻആർഎസ് ബാബുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖർ.
തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. കലാകൗമുദി വാരിക എഡിറ്റർ, കേരളകൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ, ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്റർ എന്നീ നിലകളില്‍ ദീർഘകാലം മാദ്ധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പത്രപ്രവർത്തനത്തിന് പുറമെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ എന്ന നിലയിലും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ - മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മള്‍ട്ടിമീഡിയയുടെ ഫൗണ്ടർ ചെയർമാൻ കൂടിയാണ് അദ്ദേഹം.
മലയാള പത്രപ്രവർത്തന ചരിത്രത്തില്‍ ആദ്യമായി അന്വേഷണാത്മക റിപ്പോർട്ടിംഗ് രീതികള്‍ കൊണ്ടുവന്നവരില്‍ പ്രമുഖനാണ് എൻ.ആർ.എസ് ബാബു. കേരളത്തെ വലിയ രീതിയില്‍ പിടിച്ചു കുലുക്കിയ വനം കൊള്ളയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ജയചന്ദ്രൻ നായരുമായി ചേർന്ന് അദ്ദേഹം തയ്യാറാക്കിയ 'കാട്ടുകള്ളന്മാർ' എന്ന അന്വേഷണാത്മക പരമ്പര അക്കാലത്ത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ കേരളകൗമുദി ഓഫീസ് പോലീസ് റെയ്ഡ് ചെയ്തത് വലിയ രാഷ്ട്രീയ-മാധ്യമ വിവാദങ്ങള്‍ക്ക് വഴിതുറന്നു. ഇതുകൂടാതെ ജല അതോറിറ്റി കുംഭകോണം, സെക്രട്ടറിയേറ്റ് ഫയല്‍ കുംഭകോണം തുടങ്ങിയ നിരവധി വൻ അഴിമതികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, ബോധി കള്‍ച്ചറല്‍ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്കാരം, എസ്. ജയചന്ദ്രൻ നായർ സ്മാരക പ്രഥമ പുരസ്കാരം, ശിവറാം പുരസ്കാരം, ഐ.വി. ദേവദാസ് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മാദ്ധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.

