അമേരിക്കയിലെ അലാസ്കയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 8 പേരും കൊല്ലപ്പെട്ടു.
രണ്ട് പൈലറ്റുമാർ, യു.എസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിലെ 2 ജീവനക്കാർ, 4 കോണ്‍ട്രാക്‌ട് തൊഴിലാളികള്‍ എന്നിവരാണ് മരിച്ചത്. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആങ്കറേജില്‍ നിന്ന് 725 കിലോമീറ്റർ പടിഞ്ഞാറുള്ള ‘കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന് സമീപത്താണ് ദാരുണമായ അപകടം സംഭവിച്ചത്.
റഡാർ കേന്ദ്രത്തില്‍ അറ്റകുറ്റപ്പണിക്കായി വിദഗ്ധരെ കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ‘സെക്യൂരിറ്റി ഏവിയേഷൻ’ കമ്പനിയുടെ ഡബിള്‍ എഞ്ചിൻ ‘സെസ്ന 441 എന്ന ചാർട്ടർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞ് കാരണം പൈലറ്റുമാർക്ക് റണ്‍വേ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. പൂർണ്ണമായും ഇൻസ്ട്രുമെന്റ് സംവിധാനങ്ങളെ ആശ്രയിച്ചാണ് ലാൻഡിംഗിന് ശ്രമിച്ചത്. കാഴ്ചപരിധി തീരെ കുറവായതിനാല്‍ ആദ്യത്തെ ലാൻഡിംഗ് ശ്രമം പൈലറ്റുമാർ ഉപേക്ഷിച്ചിരുന്നു. തുടർന്ന് രണ്ടാം തവണ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ, റണ്‍വേയില്‍ നിന്ന് അര കിലോമീറ്റർ മാത്രം അകലെ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയും പർവതനിരകള്‍ക്ക് സമീപം തകർന്നു വീഴുകയുമായിരുന്നു. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ മിസൈല്‍ ആക്രമണങ്ങള്‍ നേരത്തെ അറിയാൻ നിർമ്മിച്ചതാണ് കേപ് ന്യൂവെൻഹാമിലെ റഡാർ കേന്ദ്രം. നിലവില്‍ റഷ്യ, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വ്യോമചലനങ്ങള്‍ നിരീക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെ എന്ത് അറ്റകുറ്റപ്പണികള്‍ക്കാണ് ജീവനക്കാർ പോയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. നാഷണല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

