അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി ബാരലിന് 116.20 ഡോളറായി വർധിച്ചു.
2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. പശ്ചിമേഷ്യയില്‍ വീണ്ടും രൂക്ഷമായ സംഘർഷങ്ങളും സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ അരാംകോയ്ക്ക് നേരെ ഉണ്ടായ ഹൂതി ആക്രമണങ്ങളുമാണ് എണ്ണവില വർധനവിന് കാരണം. പ്രമുഖ എണ്ണ ഉല്‍പ്പാദന മേഖലകളില്‍ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്ക വിപണിയില്‍ ശക്തമായിട്ടുണ്ട്.
വെള്ളിയാഴ്ച (ഒക്‌ടോബർ 23) വ്യാപാരത്തിനൊടുവില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വലിയ മുന്നേറ്റം നടത്തിയപ്പോള്‍, അമേരിക്കൻ ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 1.7 ശതമാനം ഉയർന്ന് 101.12 ഡോളറിലെത്തി.
തുടർച്ചയായ മൂന്നാം ആഴ്ചയാണ് ക്രൂഡ് ഓയില്‍ വിലയില്‍ വർധനവ് രേഖപ്പെടുത്തുന്നത്. സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായതിനെ തുടർന്ന് ധാഹ്റാനിലെ ആസ്ഥാനത്തുനിന്ന് ജീവനക്കാരെ ഒഴിപ്പിക്കാൻ സൗദി അരാംകോ ഉത്തരവിട്ടിരുന്നു. ചെങ്കടലിനെയും ഏഡൻ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് എല്‍-മന്ദബ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളാണ് എണ്ണവിപണിയെ പ്രധാനമായി ഉത്കണ്ഠപ്പെടുത്തുന്നത്.

