അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കി മറ്റുള്ളവർക്കൊപ്പം എത്തിക്കുന്ന റിവൈവ് പദ്ധതി സംസ്ഥാനത്തെ വിദ്യാർഥികള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ.
ഭാഷാ-ഗണിത ശേഷികള്‍ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പാക്കുന്ന റിവൈവ് പദ്ധതിയുടെ സംസ്ഥാനതല സാക്ഷാത്കാര പ്രഖ്യാപനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച് എസ് എസില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച 16 പദ്ധതികളും നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഏകാധ്യാപക വിദ്യാലയങ്ങളും എല്‍ പി സ്‌കൂളുകളായി ഉയർത്തി. അധ്യാപകരുടെ ദീർഘകാല പ്രശ്നങ്ങള്‍ പരിഹരിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് പഠനം ആരംഭിച്ചതിനൊപ്പം എല്ലാ എല്‍ പി, യു പി സ്‌കൂളുകളിലും ഡിജിറ്റല്‍ സ്‌ക്വയറുകള്‍ സ്ഥാപിച്ചു. ഹയർ സെക്കൻഡറി തലത്തില്‍ പുതിയ ബാച്ചുകള്‍ ആരംഭിച്ചു. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്ന 'അക്വാഫിറ്റ്', ആദിവാസി-തീരദേശ മേഖലകളില്‍ സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ തിരികെ എത്തിക്കുന്ന 'കൂടെ' പദ്ധതികളും നടപ്പാക്കി.
കേന്ദ്രഫണ്ട് ലഭിക്കുന്നതില്‍ ചില കുറവുകളുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യമായ സാമ്പത്തിക പിന്തുണയോടെ സമഗ്ര ശിക്ഷാ കേരളത്തിന്റെ പദ്ധതികള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയെ രൂപപ്പെടുത്തുന്നതിന് ഗണിത-ഭാഷാ അറിവുകള്‍ക്ക് പ്രാധാന്യമുണ്ടെന്നും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതിനും ഇടപെടലുകള്‍ നടത്തുന്നതിനും ഇവ സഹായിക്കുമെന്നും പരിപാടിയില്‍ അധ്യക്ഷനായ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

