ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും ഒക്ടോബർ 4-ന് കൊച്ചി ലിസി ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഹൃദയ സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഈ വർഷത്തെ വൊക്കേഷണല്‍ എക്സലൻസ് അവാർഡും അദ്ദേഹം സമ്മാനിക്കും. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരാണ് ഹൃദയ സംഗമം.
ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലിസി ഹോസ്പിറ്റല്‍ ഡയറക്ടർ ഫാ. ഡോ. പോള്‍ കരേടൻ വിശിഷ്ടാതിഥിയാകും. ലിസി ഹോസ്പിറ്റല്‍ കാർഡിയോളജി വിഭാഗം മേധാവി ഡോ. റോണി മാത്യു കടവില്‍, ഹാർട്ട് കെയർ ഫൗണ്ടേഷൻ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റീ ഡോ. ജേക്കബ് എബ്രഹാം, ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. ജോ ജോസഫ് എന്നിവർ സംസാരിക്കും.
സംഗമത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകളും വിദഗ്ദ്ധരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 ന് നടക്കുന്ന ബോധവത്കരണ ക്ലാസ് ഡോ. ജോ ജോസഫ് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന മെഡിക്കല്‍ പാനലില്‍ ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. ജീവേഷ് ജോണ്‍ തോമസ്, ഡോ. മുരുകൻ പി, ഡോ. ജോ ജോസഫ്, ഫെല്‍വിൻ മാത്യു, ഡോ. നിഷ വിക്രമനൻ എന്നിവർ പങ്കെടുക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.

