ഇ.ഡി. ഉദ്യോഗസ്ഥർക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ. ഷിജില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് (PMO) നല്‍കിയ പരാതിയില്‍ നടപടി ആരംഭിച്ചു.
പരാതി തുടർനടപടികള്‍ക്കും റിപ്പോർട്ട് തേടുന്നതിനുമായി കേരള മുഖ്യമന്ത്രി ഓഫീസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രി ഓഫീസ് പരാതി സംസ്ഥാന പോലീസ് മേധാവിക്ക് (DGP & SPC) കൈമാറുകയും, ഇക്കാര്യം പരാതിക്കാരനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ വസതിയില്‍ ഇ.ഡി. നടത്തിയ പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥർക്കു നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും, സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണം നടന്നതെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തകർക്കുകയും ജീവന് ഭീഷണിയുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് നേതൃത്വം നല്‍കിയവർക്കെതിരെയും ഗൂഢാലോചനയില്‍ പങ്കെടുത്തവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്നും, സംഭവത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് നിരുത്തരവാദപരമായ സമീപനമായിരുന്നെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കാതെയും നേതാക്കന്മാരെ പ്രതിചേർക്കാതെയും സംരക്ഷിക്കുന്ന നടപടി പോലീസ് സ്വീകരിക്കുന്നതായി പരാതിയില്‍ പരാമർശിച്ചിരുന്നു. മാത്രമല്ല മതിയായ സുരക്ഷ ഇ ഡി ഉദ്യോഗസ്ഥർക്ക് നല്‍കുവാനും പോലീസിന് സാധിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് പരാതി കേരള സർക്കാരിന് കൈമാറി റിപ്പോർട്ട് തേടിയതോടെ ഇ.ഡി. ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസ് ദേശീയതലത്തില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

