ടെല്‍ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിനുള്ളില്‍ നടന്നത് ഭീകരാക്രമണമാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.
അൻവർ ഗർഗാഷ് വ്യക്തമാക്കി. വലിയൊരു ദുരന്തത്തില്‍ അവസാനിക്കേണ്ടിയിരുന്ന സംഭവത്തെ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിന്റെ ധീരതയും സമയോചിതമായ ഇടപെടലുമാണ് ചെറുത്തുതോല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്മിത്തിന്റെ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ചടുലമായ ചിന്തകളും അതിവേഗമുള്ള തീരുമാനങ്ങളുമാണ് സംഭവത്തിന്റെ ഗതിമാറ്റിയെഴുതിയത്. ഏറ്റവും ഭയാനകമായ സാഹചര്യത്തിലും ഇന്ത്യൻ പൈലറ്റിനെ നയിച്ച ധാർമിക ബോധമാണ് അദ്ദേഹത്തെ യഥാർഥ നായകനാക്കിയത്. നടന്ന സംഭവത്തെ ലളിതവല്‍ക്കരിക്കാൻ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഗർഗാഷ് മുന്നറിയിപ്പ് നല്‍കി.
ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും കരുതിയിരിക്കണം. തീവ്രവാദ പ്രവർത്തനങ്ങളുടെ അപകടങ്ങളെ ചെറുത്തു തോല്‍പ്പിക്കാൻ സദാജാഗ്രതയാണ് നമ്മെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആത്മധൈര്യം കൈവിടാതെ യാത്രക്കാരുടെ ജീവൻ സംരക്ഷിച്ച ക്യാപ്റ്റൻ സ്മിത്തിന് നന്ദി പറഞ്ഞു ഫ്ലൈദുബായ് സിഇഒ ഗെയ്ത്ത് അല്‍ ഗെയ്ത്ത്. അനിഷ്ട സംഭവത്തെ തുടർന്ന് ഇസ്രയേലിലേക്കുള്ള എല്ലാ സർവീസുകളും ഫ്ലൈദുബായ് റദ്ദാക്കിയതായി സിഇഒ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഫ്ലൈദുബായ് നടത്തും.
സൗദിയില്‍ വിമാനം സുരക്ഷിതമായി ഇറക്കാൻ സഹായിച്ച എല്ലാവരോടും ഫ്ലൈദുബായ് നന്ദി പറഞ്ഞു. വിമാനത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ സംബന്ധിച്ചു വിശദമായ അന്വേഷണം നടക്കുകയാണ്. എല്ലാ സത്യങ്ങളും പുറത്തു വരും. യാത്രക്കാരുടെ സുരക്ഷയാണ് കമ്പനിക്കു പ്രധാനമെന്നും സിഇഒ ഗെയ്ത്ത് പറഞ്ഞു.

