പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. മോക്ക് പോളിങിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 883 സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ 53984 സർവീസ് വോട്ടർമാർ ഉള്‍പ്പെടെ 27196936 സമ്മതിദായകരാണുള്ളത്.
140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയില്‍ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.
ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകള്‍ വർധിപ്പിച്ചതിനാല്‍ ഇത്തവണ വോട്ടർമാർ ഏറെനേരം ക്യൂ നില്‍ക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണ്.
2500 പ്രശ്ന ബാധിത ബൂത്തുകളില്‍ പ്രത്യേക ജാഗ്രത നിർദേശം ഉണ്ട്. മൂന്ന് മുന്നണികള്‍ക്കും അതി നിര്‍ണായകമാണ് മത്സരം. ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്ത് ഭരണ തുടർച്ച തന്നെയാണ് എല്‍ഡിഎഫ് ലക്ഷ്യം.
പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷം ഭരണത്തിലേക്ക് തിരികെ എത്താമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. കേരളത്തിലും ശക്തി തെളിയിച്ച് നിയമസഭയില്‍ അക്കൗണ്ട് തുറക്കാനാണ് എൻഡിഎ കച്ചകെട്ടുന്നത്.
കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുകയാണ്. അസമില്‍ 126 സീറ്റുകളിലേക്ക് ജനവിധി തേടുന്നത് 722 സ്ഥാനാര്‍ത്ഥികളാണ്. പ്രധാന പോരാട്ടം നടക്കുന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. പുതുച്ചേരിയില്‍ മുപ്പത് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മത്സര രംഗത്തുള്ളത് 294 സ്ഥാനാര്‍ഥികളാണ്. എന്‍ഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നയിടമാണ് പുതുച്ചേരി.

