Dailyhunt
കുമ്മനത്തെ തഴഞ്ഞു, അനൂപിനെ വാഴ്ത്തി; മോദിയുടെ പ്രസംഗത്തില്‍ ബിജെപിയില്‍ 'കടുപ്പമേറിയ' അമര്‍ഷം

കുമ്മനത്തെ തഴഞ്ഞു, അനൂപിനെ വാഴ്ത്തി; മോദിയുടെ പ്രസംഗത്തില്‍ ബിജെപിയില്‍ 'കടുപ്പമേറിയ' അമര്‍ഷം

Anweshanam 5 days ago

തിരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്താൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ബിജെപി പാളയത്തില്‍ പുതിയ തർക്കങ്ങള്‍ക്ക് വഴിതുറക്കുന്നു.

പാർട്ടിയിലെ മുതിർന്ന നേതാവും ആറന്മുളയിലെ സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരനെ പ്രധാനമന്ത്രി പൂർണ്ണമായും അവഗണിച്ചുവെന്നാരോപിച്ച്‌ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. അതേസമയം, കോണ്‍ഗ്രസ് വിട്ടെത്തിയ യുവനേതാവ് അനൂപ് ആന്റണിയെ മോദി വാനോളം പുകഴ്ത്തിയത് പാർട്ടിയിലെ പഴയകാല പ്രവർത്തകർക്കിടയില്‍ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

ആറന്മുള മണ്ഡലത്തിലെ സ്ഥാനാർത്ഥിയെന്ന നിലയില്‍ കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നിട്ടും അദ്ദേഹത്തെക്കുറിച്ച്‌ ഒരു വാക്കുപോലും പ്രസംഗത്തില്‍ പരാമർശിക്കാത്തതാണ് പ്രതിഷേധത്തിന് ആധാരം. കേരളത്തിലെ ബിജെപിയുടെ മുഖമായി അറിയപ്പെടുന്ന, മുൻ മിസോറാം ഗവർണർ കൂടിയായ കുമ്മനത്തെപ്പോലൊരു നേതാവിനെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിച്ചത് മനപ്പൂർവ്വമാണെന്നാണ് അണികളുടെ ആരോപണം.

കുമ്മനത്തെ അവഗണിച്ചപ്പോള്‍ തന്നെ, തിരുവല്ലയിലെ സ്ഥാനാർത്ഥിയായ അനൂപ് ആന്റണിയെ പ്രസംഗത്തിലുടനീളം മോദി പ്രശംസിച്ചു. “കഴിഞ്ഞ അഞ്ചുവർഷമായി എന്റെ വലംകൈയ്യായി കൂടെയുള്ള വ്യക്തിയാണ് അനൂപ്, അദ്ദേഹത്തെ ഞാൻ തിരുവല്ലയ്ക്ക് സമർപ്പിക്കുന്നു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ഒരാള്‍ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കുകയും, പതിറ്റാണ്ടുകളായി പാർട്ടിയെ നയിക്കുന്നവരെ തഴയുകയും ചെയ്യുന്നത് ഉള്‍ക്കൊള്ളാനാകില്ലെന്ന് പ്രവർത്തകർ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam