മുംബൈയില്‍ സ്ത്രീയെ ശല്യം ചെയ്ത മൂന്ന് പേർക്കെതിരെ വെടിയുതിർത്ത് മലയാളി. ഒരാള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.
ജയൻ ശിവാനന്ദൻ നായർ (51) എന്നയാളാണ് വെടിയുതിർത്തത്. അബ്ദുള്‍ ഷെയ്ഖ് (45), അക്ബർ അഹമ്മദ് (29), സമീർ ഷെയ്ഖ് (32) എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അഹമ്മദ് ആക്രമണത്തില്‍ മരിച്ചു.
താനെ ജില്ലയിലെ മുംബ്രയിലെ കൈലാസ് നഗറില്‍ ഇന്നലെ രാവിലെയാണ് സംഭവം. താൻ സഹോദരിയായി കണ്ട സത്രീയെ ശല്യപ്പെടുത്തി എന്നാരോപിച്ചായിരുന്നു ജയൻ ശിവാനന്ദൻ നായർ മൂന്ന് പേരെ ആക്രമിച്ചത്.
വ്യാഴാഴ്ച രാവിലെ മൂവരും ചേർന്ന് സുമന്തായി ചവാൻ സ്കൂള്‍ പരിസരത്തെത്തി വാഴപ്പഴം പറിക്കാൻ ശ്രമിച്ചുവെന്നും തടയാൻ ശ്രമിച്ച ഹിന്ദി പ്രൈമറി സ്കൂളിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരി അൻവാരയെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
തുടർന്ന് അൻവാര സഹായത്തിനായി ജയനെ വിളിച്ചത് പ്രകാരം അയാളെത്തി ഇവരുമായി വാക്തർക്കത്തിലായി. പിന്നാലെ ജയൻ ഇവർക്കെതിരെ ആക്രമണം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ആക്രമിയായ ട്രക്ക് ഡ്രൈവർ ജയൻ ശിവാനന്ദൻ നായർ കാറില്‍ രക്ഷപ്പെടുന്നതിനിടെ പൊലീസ് തടഞ്ഞുനിർത്തി, കുറ്റകൃത്യത്തിന് ഉപയോഗിച്ച റിവോള്‍വർ പിടിച്ചെടുത്തു. ജയൻ ശിവാനന്ദൻ നായരെയും അന്‍വാര ബീബി ഷെയ്ഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ കൊലപാതകക്കുറ്റവും ഇന്ത്യൻ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

