Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

Anweshanam 2 weeks ago

സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ ഇല്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കാന്‍ പാര്‍ട്ടി തലത്തില്‍ നീക്കം. ജൂണ്‍ 26ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഒപ്പിട്ട് ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിയുടെ അടിസ്ഥാന അടിത്തറയായ സഹകരണ മേഖലയിലെ ആധിപത്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കത്ത് ലഭിച്ചതിന് പിന്നാലെ സഹകരണ സംഘങ്ങളുടെ സബ് കമ്മിറ്റി യോഗങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

കേരള ബാങ്കിന് കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പുറമേയുള്ള മറ്റ് സഹകരണ സംഘങ്ങള്‍ക്ക് നിലവില്‍ ‘സി’ ക്ലാസ് മെമ്പര്‍ഷിപ്പാണുള്ളത്. ഈ സി-ക്ലാസ് മെമ്പര്‍ഷിപ്പുള്ള സംഘങ്ങള്‍ക്ക് നിലവില്‍ വോട്ടവകാശമില്ല. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ നിയമഭേദഗതിയിലൂടെ സി-ക്ലാസ് സംഘങ്ങള്‍ക്കും വോട്ടവകാശം നല്‍കാനുള്ള തീരുമാനമെടുത്തേക്കാമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇത് മുന്നില്‍ക്കണ്ടാണ് പാര്‍ട്ടിയുടെ കയ്യിലില്ലാത്ത സി-ക്ലാസ് സഹകരണ സംഘങ്ങളുടെ ഭരണം എങ്ങനെയെങ്കിലും പിടിച്ചെടുക്കാന്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സഹകരണ പ്രസ്ഥാനങ്ങളിലെ സി.പി.എമ്മിന്റെ അപ്രമാദിത്തം നിലനിര്‍ത്തുക എന്നതാണ് കത്തുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഭരണസമിതി പിടിച്ചെടുക്കാനുള്ള നിര്‍ദേശത്തിനൊപ്പം 424 സി-ക്ലാസ് സഹകരണ സംഘങ്ങളുടെ പേരുവിവരങ്ങളടങ്ങിയ പ്രത്യേക പട്ടികയും കത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും എത്ര സംഘങ്ങള്‍ വീതമുണ്ടെന്നതിന്റെ കൃത്യമായ കണക്കുകള്‍ ഇതിലുണ്ട്. സി.പി.എം ഭരിക്കുന്ന ഇടങ്ങളില്‍ തുടര്‍ന്നും ഭരണം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ക്രമീകരണങ്ങള്‍ നടത്താനും, അല്ലാത്തയിടങ്ങളില്‍ ഭരണം പിടിച്ചെടുക്കാന്‍ ആവശ്യമായ അടിയന്തര ഇടപെടലുകള്‍ നടത്താനും സംസ്ഥാന സെക്രട്ടറി അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam