ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റില്‍.
തൃശൂർ മുരിങ്ങൂർ നാലുകെട്ടില്‍ കടവിള വീട്ടില്‍ ഷഫീഖ്(49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടില്‍ സഫ്ന(32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവർ നല്‍കിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇരുവരില്‍നിന്ന് 21 ലക്ഷംരൂപ ഷഫീഖും സഫ്‌നയും തട്ടിയെടുത്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു വിഴിഞ്ഞംസ്വദേശികള്‍ സംഘത്തിന് പണം നല്‍കിയത്. തുടർന്ന് ഓസ്ട്രേലിയിലേക്ക് എന്നു കൊണ്ടുപോകുമെന്നറിയുന്നതിന് ഫോണ്‍ വിളിച്ചെങ്കിലും പ്രതികളില്‍നിന്ന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ ഇവർ വിഴിഞ്ഞം പോലീസില്‍ പരാതില്‍ നല്‍കി.
സി.ഐ. കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം. പ്രശാന്ത്, എസ്.സി.പി.ഒ. വി.യു.വിനയകുമാർ, സി.പി.ഒ. ആർ. രെജിൻ, വനിതാ സി.പി.ഒ ലിനി എന്നിവരുടെ സംഘം മലപ്പുറത്തും തൃശൂരിലും നടത്തിയ തിരച്ചിലായിരുന്നു പ്രതികളെ അറസ്റ്റുചെയ്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

