പഴയകാല മലയാളി വീടുകളില്‍ തരംഗമായിരുന്ന നാടൻ ഇടിയിറച്ചിയുടെ തനത് രുചി വീണ്ടും തിരികെ എത്തിക്കുകയാണ് എറണാകുളത്തെ ഒരു കൊച്ചു ഷാപ്പില്‍.
നാവില്‍ കപ്പലോടിക്കുന്ന ഈ പരമ്പരാഗത വിഭവം തേടി നിരവധി ഭക്ഷണപ്രേമികളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
ബീഫ് പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിഭവമായ ഇടിയിറച്ചിയുടെ പരമ്പരാഗത രുചി തിരിച്ചുപിടിച്ച് പിറവത്തിനടുത്തുള്ള കാക്കൂർ അണ്ടിച്ചിറ ഷാപ്പ്. പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത പോത്തിറച്ചി ഉണക്കിയെടുത്തുള്ള ഈ നാടൻ വിഭവം തേടി ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തുകയാണ്.
അണ്ടിച്ചിറ ഷാപ്പിലെ മെനുവില്‍ വിഭവങ്ങള്‍ നിരവധിയുണ്ടെങ്കിലും എല്ലാവരുടെയും കണ്ണുടക്കുന്നത് ഇടിയിറച്ചിയില്‍ തന്നെയാണ്. ഉണക്കി സൂക്ഷിച്ച ബീഫ് കഷ്ണങ്ങള്‍ മസാലയും ചതച്ച മുളകും വെളിച്ചെണ്ണയും ചേർത്ത് പാകപ്പെടുത്തിയെടുക്കുമ്പോള്‍ കിട്ടുന്ന ആ മണം മതി നാവില്‍ വെള്ളമൂറാന്‍.
മിക്ക ഷാപ്പുകളിലും ബീഫ് ഫ്രൈ സാധാരണമാണെങ്കിലും, ഇടിയിറച്ചി അതിന്റെ തനത് ശൈലിയില്‍ വിളമ്പുന്നതാണ് ഇവിടുത്തെ പ്രത്യേകത. കപ്പയ്ക്കും പാലപ്പത്തിനുമൊപ്പം ഈ ഇടിയിറച്ചി കൂടി ചേരുമ്പോള്‍ സംഗതി വേറെ ലെവല്‍ ആകും.
അവധി ദിവസങ്ങളില്‍ കുടുംബത്തോടൊപ്പം സമാധാനമായി വന്നിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റിയ അന്തരീക്ഷമാണ് അണ്ടിച്ചിറ ഷാപ്പിലുള്ളത്.
നാടൻ വിഭവങ്ങളുടെ തനിമ ഇഷ്ടമുള്ളവര്‍ക്ക് കാക്കൂരിലെ ഈ ഷാപ്പ് ഒരു മികച്ച അനുഭവമായിരിക്കും.

