കർണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താനുള്ള ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്.
യുവതിയെ എത്രയും വേഗം കണ്ടെത്താൻ കർണാടക സർക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി രംഗത്തെത്തി. വിഷയത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ആഭ്യന്തര, വനം മന്ത്രിമാരുമായും അദ്ദേഹം സംസാരിച്ചു.
ശരണ്യയെ കണ്ടെത്താനായി അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ഒരു ‘സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്’ (STF) രൂപീകരിച്ച് തിരച്ചില്‍ വ്യാപിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ദുർഘടമായ വനമേഖലയായതിനാല്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങള്‍ പ്രയോജനപ്പെടുത്തി തിരച്ചിലിന്റെ വേഗത കൂട്ടാൻ കർണാടക സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളും ഇതുവരെ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി സിദ്ധരാമയ്യ എംപിയുമായി പങ്കുവെച്ചു.
കാണാതായ ശരണ്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് കെ.സി. വേണുഗോപാല്‍ വിവരങ്ങള്‍ അറിയുകയും കുടുംബത്തിന് ആത്മവിശ്വാസം പകരുകയും ചെയ്തു. മകളെ കണ്ടെത്താൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുടുംബത്തെ അറിയിച്ചു.

