കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ രംഗത്ത്. ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം ആരോപിച്ചു.
കുന്നത്തൂർ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് ഇടതുപക്ഷം കൂടി പിന്തുണയ്ക്കുന്ന ഇന്‍ഡ്യാസഖ്യം ഉള്ളതുകൊണ്ടാണെന്നും ഇക്കാര്യം മറന്ന് കേരളത്തിലെത്തി ഇടതുപക്ഷ സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയ നിലപാട് ഇല്ലാത്തതുകൊണ്ടാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ജനങ്ങളെ പറ്റിക്കുകയും വഞ്ചിക്കുകയുമാണ് യുഡിഎഫ് അജണ്ട. 600 രൂപ ക്ഷേമ പെന്‍ഷന്‍ 18 മാസം നല്‍കാത്തവരാണ് മാസം 3,000 നല്‍കുമെന്ന് പറയുന്നത്. പിണറായി വിജയനെ ജയിലിലടക്കാത്തതിലാണ് രാഹുല്‍ ഗാന്ധിയുടെ വിഷമം. ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടപ്പിച്ചിട്ടും രാഹുലിനും കോണ്‍ഗ്രസിനും തൃപ്തിയായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരെല്ലാം ബിജെപിയിലെത്തിയെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേർത്തു.

