കേരളം
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കോവിഡിനെ തുടര്‍ന്ന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഇളവ്. ഇനി മുതല്‍ നാല് നടകളില്‍ കൂടിയും പ്രവേശനം അനുവദിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വിലക്കും നീക്കി. വിവാഹം, ചോറൂണ്, തുലാഭാരം എന്നിവയ്ക്കും ക്രമീകരണങ്ങളൊരുക്കും.
പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെ, 5.15 മുതല്‍ 6.15 വരെ, 10 മുതല്‍ 12 വരെ, വൈകിട്ട് 5 മുതല്‍ 6.10 വരെ എന്നിങ്ങനെയാണ് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.
നേരത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ ക്ഷേത്ര ദര്‍ശനം അനുവദിച്ചത്.