ഡല്‍ഹിയിലെ ഷഹ്ദര ജില്ലയിലുള്ള കൃഷ്ണ നഗറിലെ സ്കൂള്‍ വളപ്പില്‍ പ്ലസ് ടു വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.
17 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൃഷ്ണ നഗറിലെ സർവോദയ കന്യാ വിദ്യാലയത്തിലെ ഗാർഡ് റൂമിനു പിന്നിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൂർണമായും കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ച് പെണ്‍കുട്ടി സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക അന്വേഷണത്തിനിടയില്‍ പെണ്‍കുട്ടിയുടെ സ്കൂള്‍ ബാഗില്‍ നിന്ന് മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
ഇതിനുപുറമെ ബാഗില്‍ നിന്ന് സംശയാസ്പദമായ ചില വസ്തുക്കളും കണ്ടെത്തിയതായി സ്കൂള്‍ അധികൃതർ പറയുന്നുണ്ടെങ്കിലും ഇവ എന്തൊക്കെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

