Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വനിതാ ജഡ്ജിമാര്‍ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്

വനിതാ ജഡ്ജിമാര്‍ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്

Anweshanam 1 week ago

പുരുഷ സഹപ്രവര്‍ത്തകരില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി പരാതിപ്പെട്ട് നിരവധി വനിതാ ജഡ്ജിമാര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്.

ലൈംഗികാതിക്രമം എന്നത് ഇന്ത്യന്‍ ജുഡീഷ്യറിക്കുള്ളിലെ ‘മൂടിവച്ച രഹസ്യമാണെന്നും’ ഇതിനെക്കുറിച്ച്‌ സംസാരിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു. 29-ാമത് ഡി.എസ് ബോര്‍ക്കര്‍ മെമോറിയല്‍ ലെക്ചറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ജുഡീഷ്യല്‍ സിസ്റ്റത്തില്‍ അന്തര്‍ലീനമായുള്ള ശ്രേണീബദ്ധമായ ഘടനയാണ് ഇത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം നേരിട്ട ഒരു വനിതാ ജഡ്ജിക്ക് വേണ്ടി താന്‍ ഹാജരായ സംഭവം അവര്‍ വേദിയില്‍ പങ്കുവെച്ചു. ഒരു പുരുഷ ജഡ്ജിയുടെ 25-ാമത് വിവാഹ വാര്‍ഷിക പാര്‍ട്ടിയില്‍ പങ്കെടുക്കാനും അവിടെ ഒരു ‘ഐറ്റം നമ്പറിന്’ ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ആ വനിതാ ജഡ്ജിക്ക് സ്വന്തം ജോലി തന്നെ നഷ്ടപ്പെട്ടു. ഇത്തരം മോശം പ്രവണതകള്‍ 2047-ഓടെ അവസാനിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. എസ് മുരളീധറിന്റെ പ്രഭാഷണത്തിന് ശേഷമാണ് ഇന്ദിര ജെയ്സിങ് സംസാരിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ജന്മിത്വ-ശ്രേണീബദ്ധമായ രീതികള്‍ക്കെതിരെ ഡോ. മുരളീധറും പ്രതികരിച്ചിരുന്നു. മുതിര്‍ന്ന പുരുഷ സഹപ്രവര്‍ത്തകരില്‍ നിന്നും വനിതാ ജഡ്ജിമാര്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി അദ്ദേഹവും ചൂണ്ടിക്കാട്ടി. ഇത്തരം അനീതി നിറഞ്ഞ വ്യവസ്ഥയില്‍ ഇന്ത്യന്‍ ഭരണഘടനയാണ് തനിക്ക് പ്രതീക്ഷ നല്‍കുന്നതെന്ന് ഇന്ദിര ജെയ്സിങ് പറഞ്ഞു. ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുന്നതില്‍ നിന്ന് ഭരണകക്ഷിയെ തടയാന്‍ പൗരന്മാര്‍ക്ക് കഴിയുന്നിടത്തോളം കാലം ഇവിടെ പ്രതീക്ഷയുണ്ട്.

വനിതാ സംവരണവുമായി മണ്ഡല പുനര്‍നിര്‍ണയത്തെ ബന്ധിപ്പിക്കുന്നതും, ഒരേ രാജ്യം ഒരേ തിരഞ്ഞെടുപ്പ് എന്ന ആശയവുമെല്ലാം ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കുന്ന നീക്കങ്ങളാണെന്നും ഇന്ദിര ജെയ്സിങ് കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ പ്രാതിനിധ്യം കുറയ്ക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളിലെ വിമത വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി ചിഹ്നങ്ങള്‍ നല്‍കുന്ന പ്രവണതകള്‍ക്കെതിരെയും അവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam