Wednesday, 04 Aug, 11.51 am Asiaville Malayalam

ഹോം
ഇന്ത്യ ചരിത്രമെഴുതുമോ, അതോ ഇം​ഗ്ലണ്ടിന്റെ വിജയമോ? അലെസ്റ്റര്‍ കുക്കും വോ​ഗനും പറയുന്നു

ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് തുടക്കമാകുകയാണ്. മുന്‍ താരങ്ങള്‍ അടക്കം പലരും പ്രവചനവുമായി എത്തിയിട്ടുണ്ട്. ഇം​ഗ്ലണ്ടിന്റെ മുന്‍ നായകന്മാരായ അലെസ്റ്റര്‍ കുക്കും മൈക്കല്‍ വോ​ഗനും ഇത്തരത്തില്‍ പ്രവചനം നടത്തിയിട്ടുണ്ട്. 14 വര്‍ഷത്തിന് ശേഷം ഒരു പരമ്ബര നേടണമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇം​ഗ്ലണ്ടില്‍ എത്തിയിരിക്കുന്നത്. ഇം​ഗ്ലണ്ടിനാകട്ടെ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റുകയും വേണം. ബെന്‍സ്റ്റോക്സ് ടീമില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇം​ഗ്ലണ്ടിന് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുമായിരുന്നു. അവന്റെ അഭാവം നിഴലിക്കുന്നതായിരിക്കും മത്സരമെന്നും അലെസ്റ്റര്‍ കുക്ക് പറയുന്നു.

ഇന്ത്യ ഏറെനാള്‍ ബയോബബിള്‍ സുരക്ഷയില്‍ ഇരുന്നതിന് ശേഷം കളിക്കാന്‍ ഇറങ്ങുകയാണ്. ജൂണിലാണ് അവര്‍ ഇം​ഗ്ലണ്ടില്‍ എത്തിയത്. ഇത്രയും ഇടവേള ഇന്ത്യക്ക് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ബോള്‍ തിരിഞ്ഞ് തുടങ്ങുമ്ബോള്‍ ഇന്ത്യയ്ക്കെതിരെ ഇം​ഗ്ലണ്ടിന് ആധിപത്യം നേടാന്‍ സാധിക്കും. ആവിശ്യത്തിന് റണ്‍സ് നേടുന്ന ഇംഗ്ലണ്ട് മത്സരം ജയിച്ച്‌ പരമ്ബര സ്വന്തമാക്കുകയും ചെയ്യും. ഒരു മത്സരത്തെ മഴ കാര്യമായി ബാധിക്കാനുളള സാധ്യതയുണ്ട്. അഞ്ച് മത്സര പരമ്ബര 3-1ന് ഇം​ഗ്ലണ്ട് ജയിക്കുകയും ചെയ്യുമെന്നാണ് തന്റെ കണക്ക് കൂട്ടലെന്നും അലെസ്റ്റര്‍ കുക്ക് പറഞ്ഞു.

അതേസമയം 14 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് ഇം​ഗ്ലണ്ടില്‍ പരമ്ബര നേടാന്‍ കഴിയുന്ന ഏറ്റവും മികച്ച അവസരമാണ് ഇപ്പോഴുളളതെന്നാണ് മൈക്കല്‍ വോ​ഗന്റെ നിരീക്ഷണം. ബെന്‍ സ്റ്റോക്സ്, ജോഫ്രാ ആര്‍ച്ചര്‍, ക്രിസ് വോക്സ് എന്നിവരില്ലാതെയാണ് ഇം​ഗ്ലണ്ട് പരമ്ബരയ്ക്ക് ഇറങ്ങുന്നത്. ന്യൂസിലന്‍ഡിനോട് ഏറ്റ പരാജയം അവരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇന്ത്യയുടെ ബാറ്റിങ്, ബൗളിങ് നിരയാകട്ടെ ഏറ്റവും മികച്ചതും. അതുകൊണ്ട് തന്നെ ഇന്ത്യ 3-1ന് ഈ പരമ്ബര വിജയിക്കാനാണ് സാധ്യത. ഒരിക്കലും താനിങ്ങനെ പറയാന്‍ ആ​ഗ്രഹിക്കുന്നില്ലെന്നും വോ​ഗന്‍ വ്യക്തമാക്കുന്നു.

ഓസ്ട്രേലിയയില്‍ ആദ്യമായി പരമ്ബര നേടിയ കോഹ്ലിക്കും കൂട്ടര്‍ക്കും ഇം​ഗ്ലണ്ടിലും വിജയിച്ച്‌ കയറാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരമ്ബരയ്ക്ക് മുന്‍പ് തന്നെ നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ മികവ് തെളിയിച്ച നിരവധി യുവതാരങ്ങള്‍ അവസരം പ്രതീക്ഷിച്ച്‌ ഇരിക്കുന്നതിനാല്‍ ടീം ഇന്ത്യയ്ക്ക് ഇതൊന്നും വെല്ലുവിളിയാകില്ല. ഇം​ഗ്ലണ്ടില്‍ മത്സരങ്ങള്‍ കളിച്ച്‌ പരിചയമുളള നിരവധി താരങ്ങള്‍ ടീമിലുളളതിനാല്‍ നല്ല മത്സരം തന്നെ പ്രതീക്ഷിക്കാം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Asiaville Malayalam
Top