Monday, 03 Aug, 2.56 pm അഴിമുഖം


ട്രഷറിയിലെ രണ്ടു കോടിയുടെ തട്ടിപ്പ്; പ്രതി ബിജുലാല്‍ മാത്രമോ? പുറത്തുവരുന്നത് ട്രഷറി നവീകരണത്തിലെ പോരായ്മകള്‍

വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറിയില്‍ നിന്നും രണ്ടു കോടിരൂപ തട്ടിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമോ എന്ന സംശയം ബലപ്പെടുന്നു. സംവിധാനങ്ങളിലെ പരിമിതികളും വീഴ്ചകളും മുതലെടുത്താണ് തട്ടിപ്പ് നടത്തിയത് ഇതോടെ ട്രഷറിയുടെ ആധുനികവല്‍ക്കരണം നടപ്പിലാക്കിയതില്‍ കടന്നുകൂടിയ പാളിച്ചകളുമാണ് തട്ടിപ്പിന് കാരണമായത്. തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ എ ം എസ് ബിജുലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍ികിയിരിക്കയാണ്.

ജില്ല കളക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് ബിജുലാല്‍ പണം തട്ടിച്ചതും അത് തന്റെയും ഭാര്യയുടെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയതും. ഇതിനായി ബിജുലാല്‍ സ്വീകരിച്ച മാര്‍ഗം ട്രഷറി സംവിധാനത്തില്‍ നിലനില്‍ക്കുന്ന പാകപ്പിഴകള്‍ മുതലാക്കുകയെന്നതായിരുന്നു. ട്രഷറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടത്തിയിരിക്കുന്ന കമ്ബ്യൂട്ടറൈസേഷന്‍ വലിയ അഴിമതികള്‍ക്ക് സഹായകമാകുന്നൊരു സംവിധാനമാണെന്നാണ് ബിജുലാല്‍ താന്‍ നടത്തിയ തട്ടിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കമ്ബ്യൂട്ടറൈസേഷന്‍ നടപ്പാക്കിയതിലൂടെ ട്രഷറി നവീകരണത്തിനാണ് തുടക്കം കുറിച്ചതെന്നും ട്രഷറിയുടെ പ്രവര്‍ത്തനങ്ങളില്‍ നല്ല ഫലം ഉണ്ടാക്കാന്‍ ഇതുമൂലം കഴിഞ്ഞെന്നുമാണ് ധനമന്ത്രി തോമസ് ഐസക്ക് അവകാശപ്പെട്ടുക്കൊണ്ടിരുന്നത്. ഇത്തരമൊരു തട്ടിപ്പ് നടന്നേക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നായിരുന്നു ഇപ്പോഴത്തെ സംഭവത്തിനു പിന്നാലെ ഐസക്ക് അത്ഭുതം കൂറുന്നതും.

എന്നാല്‍ ബിജുലാല്‍ നടത്തിയ തട്ടിപ്പിന്റെ വഴികള്‍ മനസിലാകുമ്ബോള്‍ ട്രഷറി നവീകരണം എന്നത് വെറും പാഴ് വാക്ക് മാത്രമായിരുന്നുവെന്നും ഏതു തരത്തിലുള്ള ഉദ്യോഗസ്ഥ അഴിമതിക്കും അവിടെ എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നുമെന്നുമാണ് തിരിച്ചറിയുന്നത്.സാങ്കേതിക വിദ്യയെ കുറിച്ച്‌ സാമാന്യബോധ്യവും ട്രഷറി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവും ഉള്ളൊരു ഉദ്യോഗസ്ഥന് മറ്റുള്ളവരെ കബളിപ്പിച്ചുകൊണ്ട് അഴിമതി നടത്താന്‍ കഴിയും എന്നാണ് ബിജുലാലിന്റെ തട്ടിപ്പിലൂടെ പുറത്തു വന്ന യാഥാര്‍ത്ഥ്യങ്ങള്‍. ഒറ്റദിവസത്തിലായിരുന്നില്ല ബിജുലാല്‍ മൊത്തം പണവും തട്ടിയത്. പല ദിവസങ്ങളിലായാണ്. രണ്ടു കോടി രൂപ തന്റെ കൈവശം കിട്ടിയതിനു പിന്നാലെ അതില്‍ നിന്നും 60 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. അതൊരു തന്ത്രമായിരുന്നു, പണം മറ്റൊരു അക്കൗണ്ടിലേക്ക് പോയത് സോഫ്‌റ്റ്വെയര്‍ പിഴവായോ തനിക്ക് സംഭവിച്ചൊരു കൈയബദ്ധമായോ പറഞ്ഞു നില്‍ക്കാന്‍ വേണ്ടിയുള്ള തന്ത്രം. ജൂലൈ 27 നാണ് സീനിയര്‍ അക്കൗണ്ടന്റെ ആയ ബിജുലാല്‍ സ്വന്തം യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച്‌ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്നും തന്റെയും ഭാര്യയുടെയും പേരിലുള്ള ട്രഷറി സേവിംഗ് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യാനായി ഓണ്‍ലൈന്‍ ആയി ബില്‍ സമര്‍പ്പിക്കുന്നത്. ഇത്തരത്തില്‍ ബില്‍ സമര്‍പ്പിച്ചാലും ഫണ്ട് കൈമാറ്റം നടക്കണമെങ്കില്‍ മേലുദ്യോഗസ്ഥന്റെ അനുമതി വേണം. സമര്‍പ്പിക്കപ്പെട്ട ബില്‍ കമ്ബ്യൂട്ടറില്‍കൂടി തന്നെ അംഗീകരിക്കണം. അവിടെയാണ് ബിജുലാല്‍ മറ്റൊരു തന്ത്രം പ്രയോഗിച്ചത്. മേയ് 31 ന് വിരമിച്ച ട്രഷറി ഓഫിസറുടെ യൂസര്‍ നെയിനും പാസ് വേര്‍ഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് ബില്‍ അംഗീകരിച്ചു. വിരമിച്ച ഉദ്യോഗസ്ഥന്റെ കമ്ബ്യൂട്ടര്‍ ഉപയോഗിച്ചായിരുന്നു ഇത്. ഇവിടെയാണ് ഈ കള്ളത്തരം ബിജുലാല്‍ ഒറ്റയ്ക്ക് ചെയ്തതാണോ എന്ന ചോദ്യം ഉയരുന്നത്. ഒരു ഉദ്യോഗസ്ഥന്‍ വിരമിക്കുമ്ബോള്‍ അയാളുടെ യൂസര്‍ നെയിമും പാസ് വേര്‍ഡും സിസ്റ്റത്തില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ്. അതുണ്ടായിട്ടില്ല. യൂസര്‍ നെയിനും പാസ്‌വേഡും താന്‍ സിസ്റ്റത്തില്‍ സേവ് ചെയ്തു വച്ചിരുന്നുവെന്നും അതാണ് ദുര്യുപയോഗം ചെയ്തതെന്നുമാണ് വിരമിച്ച ഉദ്യോഗസ്ഥന്‍ പറയുന്നത്. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍ വിരമിച്ചിട്ട് ഒരു മാസം തികയാറുമ്ബോഴും എന്തുകൊണ്ട് അദ്ദേഹത്തിന്റെ പാസ്വേര്‍ഡ് മാറ്റാന്‍ തയ്യാറായില്ല എന്നിടത്താണ് സംശയം ഉയരുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ട ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മനേജ്‌മെന്റ് സെല്‍( ഐ എസ്‌എംസി) വിഭാഗമാണ് ഇവിടെ മറുപടി പറയേണ്ടത്. ഇവര്‍ക്ക് ഇത്തരമൊരു 'മറവി' സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ബിജുലാലിന്റെ തട്ടിപ്പ് നടക്കില്ലായിരുന്നു. പാസ്വേര്‍ഡ് നീക്കം ചെയ്യുന്നത് മറന്നു പോയതാകാമെങ്കില്‍ കൂടി ബിജുലാല്‍ ആ പാസ്വേര്‍ഡും യൂസര്‍ നെയിമും ഉപയോഗിച്ചിട്ടും ഐ എസ് എം സി ക്ക് അതേക്കുറിച്ച്‌ വിവരം കിട്ടിയില്ലെന്നതാണ് മ‌റ്റൊരു അത്ഭുതം!

മറ്റുള്ളവര്‍ക്ക് സംഭവിച്ച' മറവി'യും, 'വീഴ്ച്ച'യും മുതലെടുത്ത ബിജുലാല്‍ പണം തന്റെ കൈവശം എത്തിച്ചശേഷം പണം കൈമാറ്റം ചെയ്ത ബില്‍ ഓണ്‍ലൈന്‍ ആയി റദ്ദാക്കി. ഇതോടെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്നും കൈമാറ്റിയ രണ്ടു കോടി രൂപ തിരികെയെത്തിയതായി രേഖപ്പെടുത്തപ്പെട്ടു. ട്രഷറി ബാങ്കിംഗിലെ പോരായ്മ കൊണ്ട് പണം തിരികെ എത്തിയതായി കണക്കിലുണ്ടാവുകയും അതേ സമയം തുക ബിജുവിന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ കിടക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ ഇതിനകത്ത് പോരായ്മകളുണ്ടെന്ന് ബിജുലാലിന് നേരത്തെ അറിയാമെന്നാണ് അനുമാനം. ഒരു ബിജുലാലിന് മാത്രമാണോ ആര്‍ക്കൊക്കെ ഇതേകാര്യങ്ങളൊക്കെ അറിയാമോ എന്നത് മറ്റൊരു ചോദ്യം.

പണം കൈമാറ്റം റദ്ദ് ചെയ്തതോടെ കളക്ടറുടെ അക്കൗണ്ടില്‍ രണ്ടുകോടി രൂപ കുറവു വന്നത് പുനസ്ഥാപിക്കപ്പെടുകയും ബിജുലാലിന്റെ അക്കൗണ്ടുകളില്‍ പണം അങ്ങനെ തന്നെ കിടക്കുകയും ചെയ്‌തെങ്കിലും ട്രഷറിയിലെ ഡേ ബുക്ക് ക്ലോസ് ചെയ്യാനാവാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തു വരുന്നത്. എന്നാല്‍ ഇത്തരമൊരു തട്ടിപ്പ് കണ്ടുപിടിക്കാന്‍ രണ്ടു ദിവസം വേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നത് ധനമന്ത്രി തന്നെയാണ്. 27 ന് കണക്ക് പൊരുത്തപ്പെടാതെയാണോ ട്രഷറി അടച്ചത്, അതോ അറിഞ്ഞിട്ടും മുകളിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ, ആരാണ് ഇതിന് ഉത്തരവാദി എന്നീ ചോദ്യങ്ങള്‍ മന്ത്രി തന്നെ ഉയര്‍ത്തുകയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Azhimukham
Top