Thursday, 22 Apr, 4.11 pm അഴിമുഖം

കേരളം
കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം; വിവാഹത്തിന് 20 പേര്‍ മാത്രം, ഞായറാഴ്ചകളിലെ കൂടിച്ചേരലുകള്‍ക്ക് നിരോധനം

കോവിഡ് രണ്ടാം തരംഗം ഏറെ രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. വിവാഹത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വ്യക്തികള്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിലെ എല്ലാ തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും യോഗത്തിലാണ് തീരുമാനം.

അതേസമയം, ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഏറ്റെടുത്തെന്ന് കളക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന്‍ അക്കാദമി ബില്‍ഡിങ,് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ (ഡിസിസി), മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കോതോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയാണിവ. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവും ഇവയുടെ നടത്തിപ്പുചുമതല.

നേരത്തെ, ജില്ലയില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങള്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. ഞായറാഴ്ചകളില്‍ കൂടിച്ചേരലുകള്‍ 5 പേരില്‍ മാത്രം ചുരുക്കേണ്ടതാണ്. അവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും (ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ) മാത്രം ഏഴ് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.


Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Azhimukham
Top