കേരളം
മലയാളികളുടെ പ്രിയമുത്തശ്ശന് ഉണ്ണികൃഷ്ണന് നമ്ബൂതിരി അന്തരിച്ചു

മലയാളികളുടെ പ്രീയമുത്തശ്ശന് നടന് ഉണ്ണികൃഷ്ണന് നമ്ബൂതിരി(98) അന്തരിച്ചു. കോവിഡ് മുക്തി നേടി ഏതാനും ദിവസങ്ങള്‍ക്കകമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായിരുന്ന ഉണ്ണികൃഷ്ണന് നമ്ബൂതിരി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് രോഗമുക്തനായി ആശുപത്രി വിട്ടത്.
ആഴ്ചകള്‍ക്കു മുന്‍പ് ന്യൂമോണിയ ബാധിതനായി ഉണ്ണികൃഷ്ണന് നമ്ബൂതിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗമുക്തി നേടി വീട്ടില്‍ എത്തിയശേഷം വീണ്ടും പനി ബാധിതനായി പരിശോധനയ്ക്കു വിധേയനായപ്പോഴാണ് കൊറോണ ബാധ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം കോവിഡ് മുക്തനായി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് വീട്ടിലേക്ക് മടങ്ങിയത്.
പിന്നീടും ശാരീരിക അവശതകള്‍ ബാധിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
എഴുത്തുകാരന് കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഭാര്യാപിതാവാണ് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന് നമ്ബൂതിരി. തന്റെ എഴുപത്തിയെട്ടാം വയസ്സില്‍ ദേശാടനത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ ഉണ്ണികൃഷ്ണന് നമ്ബൂതിരി ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദേശാടനത്തിലെ അഭിനയം അദ്ദേഹത്തെ ചലച്ചിത്ര ആരാധകരുടെ പ്രീയനടനാക്കി. കല്യാണരാമന്, ചന്ദ്രമുഖി തുടങ്ങിയവയിലെ വേഷങ്ങളും അദ്ദേഹത്തിന് വിപുലമായ സ്വീകാര്യത നേടിക്കൊടുത്തു. നാലു തമിഴ് സിനിമകളില്‍ അടക്കം 22 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയനായിരുന്നു. 1923 ഒക്ടോബര്‍ 19നായിരുന്നു ജനനം. എയര്‍ഫോഴ്സിലും സ്കൂളിലും ജോലി ചെയ്തു. മികച്ച കര്‍ഷകനുമായിരുന്നു.
ഉണ്ണികൃഷ്ണന് നമ്ബൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു. കലാലോകത്തിന് വലിയ നഷ്ടമാണ് ഉണ്ണികൃഷ്ണന് നമ്ബൂതിരിയുടെ നിര്യാണമെന്ന് പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
ഭാര്യ പരേതയായ ലീല അന്തര്‍ജ്ജനം. മക്കള്‍: ദേവകി, ഭവദാസന്‍(റിട്ടയേഡ് സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), യമുന, പി.വി. കുഞ്ഞികൃഷ്ണന് (കേരള ഹൈക്കോടതി ജഡ്ജി).മരുമക്കള്‍: കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, ഇന്ദിര(കോറോം ദേവി സഹായം യുപി സ്കൂള്‍), പുരുഷോത്തമന്(എന്‍ജിനീയര്‍, കൊല്ലം), നീത