Thursday, 09 Nov, 8.30 am അഴിമുഖം

ഹോം
പീച്ചി മുതല്‍ സരിത വരെ: കേരളത്തെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദങ്ങള്‍, സ്മാര്‍ത്തവിചാരങ്ങള്‍

കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരം കഴിഞ്ഞിട്ട് ഒരു നൂറ്റാണ്ടിലേറെയായിട്ടും താത്രിക്കുട്ടി ഇന്നും കേരള ചരിത്രത്തില്‍ പലവിധത്തിലും ആവര്‍ത്തിക്കപ്പെടുകയാണ്. സോളാര്‍ കേസും സരിത എസ് നായരുടെ വെളിപ്പെടുത്തലുകളും പുറത്തുവന്നപ്പോഴും താത്രിക്കുട്ടി സ്മരിക്കപ്പെട്ടത് ഈ കേസുകളിലെ സമാനതകളാല്‍ തന്നെയാണ്. സമീപകാലത്ത് സരിത ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താത്രിക്കുട്ടിയോട് തനിക്കുള്ള ആദരവ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ സമൂഹത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട എഴുതപ്പെട്ട ആദ്യത്തെ ലൈംഗിക കേസാണ് താത്രിക്കുട്ടിയുടേത്. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് താത്രിക്കുട്ടി ചൂണ്ടിക്കാട്ടിയ 65 പേരും കുറ്റക്കാരാണെന്ന് വിധിക്കുകയും അവരെയും അവരുടെ മക്കളെയും വരെ സ്മാര്‍ത്തവിചാരം ചെയ്യുകയും ചെയ്തു.

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയത് പീച്ചി സംഭവമായിരുന്നു. 1962 സെപ്തംബര്‍ 25ന് പീച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പി ടി ചാക്കോയുടെ ഔദ്യോഗിക കാര്‍ അപകടത്തില്‍പ്പെടുകയും അതില്‍ നാട്ടുകാര്‍ പൊട്ടുകുത്തിയ ഒരു സ്ത്രീയെ കണ്ടതുമാണ് വിവാദമായത്. അന്നത്തെ കാലത്ത് ഹിന്ദു സ്ത്രീകള്‍ മാത്രമാണ് പൊട്ടുകുത്തിയിരുന്നത്. കാറിലാണെങ്കില്‍ പി ടി ചാക്കോയും ആ സ്ത്രീയും മാത്രവും. ഇതോടെ പി ടി ചാക്കോയ്ക്ക് ഈ സ്ത്രീയുമായുള്ള ബന്ധം ചര്‍ച്ചയായി. പത്രവാര്‍ത്തകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കുമൊപ്പം സ്ത്രീയെക്കുറിച്ചുള്ള ഊഹാപോഹങ്ങളുമുണ്ടായി. ചാക്കോയുടെ രാജി ആവശ്യപ്പെട്ട് മാടായി എംഎല്‍എ പ്രഹ്ലാദന്‍ ഗോപാലന്‍ നിയമസഭയ്ക്ക് മുന്നില്‍ നിരാഹാരം ആരംഭിച്ചതോടെ 1963 ഫെബ്രുവരി 16ന് ചാക്കോയ്ക്ക് രാജിവയ്ക്കേണ്ടി വന്നു. എന്നാല്‍ കേസില്‍ ചാക്കോ നിരപരാധിയാണെന്നാണ് കോടതി വിധി വന്നത്. തുടര്‍ന്നുവന്ന കെപിസിസി തെരഞ്ഞെടുപ്പില്‍ കെ സി എബ്രഹാമിനോട് തോല്‍ക്കുകയും ഓഗസ്റ്റ് ഒന്നിന് ഹൃദയാഘാതത്തെ തുടര്‍ന്ന് പിടി ചാക്കോ മരണപ്പെടുകയും ചെയ്തു. ചാക്കോയോട് കോണ്‍ഗ്രസുകാര്‍ നെറികേട് കാണിച്ചുവെന്ന് ആരോപിച്ച്‌ അദ്ദേഹത്തിന്റെ അനുയായികളായ 16 എംഎല്‍എമാര്‍ സഭയില്‍ മാറിയിരിക്കുകയും പിന്നീട് ഇവര്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തുവെന്നത് ചരിത്രം. അതായത് പീച്ചി കേസിന്റെ ആത്യന്തികമായ ഫലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിളര്‍പ്പായിരുന്നു. പിടി ചാക്കോയെ പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് കാലം കാത്തുവച്ച കാവ്യനീതിയാണ് സോളാര്‍ കേസ് എന്ന് അടുത്തിടെ പിസി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞതും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

ഉമ്മന്‍ ചാണ്ടിയെ 'പൂര്‍വ്വകാല പാപങ്ങള്‍' വേട്ടയാടുന്നു

പിന്നീട് പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ലൈംഗിക കേസുകളൊന്നും ഉയര്‍ന്നു വന്നിട്ടില്ലെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ തന്നെ ഒരു മുന്നണിയുടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് തന്നെ കാരണമായ മറ്റൊരു കേസ് ഉയര്‍ന്നു വന്നു. 1996 ജനുവരിയിലെ സൂര്യനെല്ലി കേസ് ആണ് അത്. ജനുവരി 16ന് ഇടുക്കി നല്ലതണ്ണി സ്വദേശിയായ ഒമ്ബതാം ക്ലാസുകാരിയെ കാണാതാകുകയും തുടര്‍ന്നുണ്ടാകുകയും ചെയ്ത സംഭവങ്ങളാണ് സൂര്യനെല്ലി കേസ് എന്നറിയപ്പെടുന്നത്. ഫെബ്രുവരി 25ന് ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പുറത്തുവന്ന പെണ്‍കുട്ടിയ്ക്ക് കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പറയാനുണ്ടായിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നും പണത്തിനായി തന്നെ പലര്‍ക്കും കാഴ്ചവച്ചുവെന്നുമുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേരളം ഞെട്ടലോടെ കേട്ടുനിന്നു. കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരെയും പെണ്‍കുട്ടി ആരോപണം ഉന്നയിച്ചതോടെയാണ് കേസിന് രാഷ്ട്രീയ സ്വഭാവം കൈവന്നത്. ഒരു പത്രത്തില്‍ വന്ന കുര്യന്റെ ഫോട്ടോ പെണ്‍കുട്ടി തിരിച്ചറിയുകയായിരുന്നു. എന്നാല്‍ പിന്നീട് കുര്യനെ കോടതി വെറുതെ വിട്ടു. എകെ ആന്റണി നടപ്പാക്കിയ ചാരായ നിരോധനത്തിന്റെ പേരില്‍ അധികാര തുടര്‍ച്ച നേടാമെന്ന യുഡിഎഫിന്റെ വ്യാമോഹങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടി നേരിട്ടത്. 1996ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനെ പുറന്തള്ളി എല്‍ഡിഎഫിനെ അധികാരത്തിലേറ്റി.

പുറത്തുവന്നത് അഴിമതിയുടെയും ലൈംഗിക ചൂഷണത്തിന്റെയും നാറിയ കഥകള്‍: സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം

അതേസമയം സൂര്യനെല്ലി കേസ് പറഞ്ഞ് അധികാരത്തിലേറെ ഇകെ നായനാര്‍ സര്‍ക്കാരിനും ലൈംഗിക ആരോപണങ്ങളില്‍ ചാടേണ്ടി വന്നു. നയനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ രണ്ട് ഉദ്യോഗസ്ഥമാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതായിരുന്നു ഈ കേസ്. 1999ല്‍ ഫോറസ്റ്റ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥയും 2000ല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥയുമാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. ഇതോടെ നീലന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ഈ രണ്ടു കേസുകളിലും നാടാര്‍ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും പിന്നീടൊരിക്കലും രാഷ്ട്രീയ പ്രഭാവം തിരിച്ചു പിടിക്കാനായില്ല.

ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപത്രത്തിലെ ട്രെയ്നിയോ? സോളാര്‍ റിപ്പോര്‍ട്ടില്‍ എന്‍എസ് മാധവന്‍

2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിനും 2006ലെ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായതും മറ്റൊരു ലൈംഗിക പീഡന കേസാണ്. 1997ല്‍ കോഴിക്കോട് ബീച്ചിലെ ഒരു ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ പ്രലോഭിക്കുന്നുവെന്ന പത്രവാര്‍ത്തയാണ് ഈ കേസിന്റെ അടിസ്ഥാനം. എന്നാല്‍ 2004ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി റജീന രംഗത്തെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റജീനയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട ഇന്ത്യവിഷന്‍ റിപ്പോര്‍ട്ടര്‍ ദീപയ്ക്ക് നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഒടുവില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജിയോടെ സംസ്ഥാനത്തെ പ്രക്ഷോഭങ്ങള്‍ അവസാനിച്ചത്. എന്നാല്‍ ഇന്നും തെരഞ്ഞെടുപ്പുകള്‍ വരുമ്ബോള്‍ യുഡിഎഫിന് പ്രത്യേകിച്ചും ലീഗിനെതിരായ ആയുധമായി എല്‍ഡിഎഫ് ഐസ്ക്രീം പാര്‍ലര്‍ കേസ് കുത്തിപ്പൊക്കാറുണ്ട്.

ഉമ്മന്‍ ചാണ്ടി ഓറല്‍ സെക്സ് ചെയ്യിച്ചു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു: സോളാര്‍ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

2006ല്‍ അധികാരമേറ്റ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പിജെ ജോസഫിനും ലൈംഗിക ആരോപണത്തിന്റെ പേരിലാണ് രാജിവയ്ക്കേണ്ടി വന്നത്. വിമാന യാത്രയ്ക്കിടെ സഹയാത്രികയായിരുന്ന വീട്ടമ്മയെ കയറി പിടിച്ചുവെന്നാണ് അവര്‍ ആരോപണം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ ജോസഫിന് രാജിവച്ച്‌ ഒഴിയേണ്ടി വന്നു. വിഎസ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു ഈ രാജി.

സരിത നമ്മുടെ മഗ്ദലന മറിയമോ?

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ ബി ഗണേഷ്കുമാറിന് രാജിവയ്ക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതി മൂലമാണ്. അതിലും ഒളിഞ്ഞും തെളിഞ്ഞും കേള്‍ക്കുന്ന പേര് ഇന്നത്തെ വിവാദ നായികയായ സരിത എസ് നായരുടേത് തന്നെ. സരിതയുടെ പേരിലാണ് ഗണേഷ് ഭാര്യയുമായി തെറ്റുന്നതും പ്രശ്നങ്ങള്‍ ഉണ്ടായതും. സരിതയുടെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന്‍ ഗണേഷിനെ മര്‍ദ്ദിച്ചതായും അന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഈ വാര്‍ത്ത ശരിയാണെങ്കിലും അല്ലെങ്കിലും ഒരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ അവരുടെ ഭര്‍ത്താവാണ് മര്‍ദ്ദിച്ചതെന്ന് അന്ന് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെയാണ് ജനതാദള്‍ എസ് എംഎല്‍എ ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്.

ഇരയല്ല, താനൊരു പോരാളിയെന്ന് സരിത

സിപിഎം എറണാകുളം ജില്ല സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതും ഇതേ കാലത്താണ്. എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഒരു യുവതിയുമായി ഗോപിയ്ക്ക് അവിഹിതബന്ധമുണ്ടായിരുന്നെന്നും പാര്‍ട്ടി ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററിലെ മുറി ഇതിനായി ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു ഗോപിക്കെതിരായ ആരോപണം. പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ് ആരോപണം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന പി ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പുറത്താക്കലിലേക്കാണ് നയിച്ചത്.

പിടി ചാക്കോ മുതല്‍ എകെ ശശീന്ദ്രന്‍ വരെ: ലൈംഗികാരോപണങ്ങളില്‍ രാജി ആദ്യമല്ല

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും ഒരു മന്ത്രിക്ക് ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നു. ഗതാഗത മന്ത്രിയായ എകെ ശശീന്ദന്റെ രാജിയില്‍ കലാശിച്ചത് മംഗളം ചാനല്‍ തങ്ങളുടെ എക്സ്ക്ലൂസീവിനായി നടത്തിയ ഹണി ട്രാപ്പ്. പരാതിക്കാരിയായ ഒരു സ്ത്രീയോട് മന്ത്രി ലൈംഗിക സംഭാഷണം നടത്തുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ മംഗളത്തിലെ ഒരു ജീവനക്കാരിയെക്കൊണ്ട് തന്നെ അദ്ദേഹത്തെ ഫോണ്‍ വിളിപ്പിക്കുകയായിരുന്നു. തങ്ങളുടെ ചാനല്‍ ലോഞ്ചിംഗ് വിവാദ വാര്‍ത്തയോടെ നടത്താനായിരുന്നു മംഗളത്തിന്റെ ശ്രമം. സംഭവം വിവാദമായതോടെ ഈവര്‍ഷം മാര്‍ച്ചില്‍ ശശീന്ദ്രന്‍ രാജിവച്ചു.

കേരള കോണ്‍ഗ്രസ്സുകളുടെ അരമന രഹസ്യങ്ങള്‍

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വച്ചിരിക്കുന്ന സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനവും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന ആരോപണങ്ങളാണ്. അതില്‍ പരാമര്‍ശിക്കപ്പെടുന്നവരാകട്ടെ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും. എല്‍ഡിഎഫിന് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യ ആയുധമായിരുന്നു സോളാര്‍ കേസും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളും. സരിത എസ് നായര്‍ എന്ന സ്ത്രീയുടെ വാക്കുകള്‍ക്കായി കേരളം കാതോര്‍ത്തിരിക്കുന്ന ഇക്കിളി കാഴ്ചകളാണ് കുറച്ചുകാലമായി നാം കണ്ടിരുന്നത്. കേരള രാഷ്ട്രീയത്തെ ഒരു സ്ത്രീ തന്റെ സാരിത്തുമ്ബില്‍ കെട്ടിയിട്ട് നടക്കുന്ന നാണം കെട്ട കാഴ്ചയ്ക്കും നാം സാക്ഷികളായി. താത്രിക്കുട്ടിയെ പോലെ സരിത ചൂണ്ടിക്കാട്ടിയവരെല്ലാം ഇവിടെ കുറ്റക്കാരാകുകയായിരുന്നു. ഇനി സ്മാര്‍ത്ത വിചാരം എന്ന് തുടങ്ങുമെന്ന് കാത്തിരിക്കാം.

സോളാര്‍ അഴിമതി: ഒരു ഓര്‍ഗനൈസ്ഡ് ക്രൈം

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Azhimukham
Top