Tuesday, 04 Aug, 8.19 pm അഴിമുഖം


പൊലീസ് കേസായി; എത്തിക്സ് പാലിച്ചില്ലെന്ന് വിമര്‍ശനം; കെഎസ്‌ഇബി സെര്‍വര്‍ ഹാക്ക് ചെയ്ത 'എത്തിക്കല്‍ ഹാക്കര്‍'മാര്‍ മുങ്ങി

കെഎസ്‌ഇബിയുടെ സെര്‍വര്‍ ഹാക്ക് ചെയ്തതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വീരവാദം മുഴക്കിയിരുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ മുങ്ങിയെന്ന് റിപ്പോര്‍ട്ട്. 'കെ ഹാക്കേഴ്സ്' തങ്ങളുടെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്ത് മുങ്ങിയെന്ന് മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെഎസ്‌ഇബി കേരള പൊലീസിന്റെ സൈബര്‍ ഡോമിനും ഐടി സെല്ലിനും പരാതി നല്‍കിയിരുന്നു.

ഐപി ഒളിപ്പിച്ചും ഓഫ് നെറ്റിലൂടെയും ചെയ്ത ഹാക്കിങ്ങിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അന്വേഷകര്‍ പിടികൂടിയേക്കുമെന്ന് തിരിച്ചറിഞ്ഞാകണം ഇവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടി ഓടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് വീഴ്ചകള്‍ കണ്ടെത്തി തിരുത്തുകയാണ് തങ്ങളെന്ന് കെ ഹാക്കേഴ്സ് പ്രഖ്യാപിച്ചിരുന്നു. പോരായ്മ പരിഹരിച്ചില്ലെങ്കില്‍ കെഎസ്‌ഇബി സെര്‍വറില്‍ നിന്ന് വിവരങ്ങള്‍ നഷ്ടമാകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു ഇവര്‍. എന്നാല്‍ കെഎസ്‌ഇബി പരാതി കൊടുത്തത്. തങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങള്‍ കെഎസ്‌ഇഅബി താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ബെവ്‌ക്യൂ ആപ്പിലെ വിവരങ്ങളും ചോര്‍ത്തുമെന്ന് ഭീഷണിയുണ്ട്. കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നാകെ മുഴുകിയിരിക്കുന്ന നേരത്ത് ഹാക്കര്‍മാര്‍ ഇത്തരം വേലകള്‍ ചെയ്യുന്നതിന്റെ എത്തിക്സും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് നല്ലതാണെങ്കിലും ഭീഷണി നല്ലതല്ലെന്നാണ് കെഎസ്‌ഇബിയുടെ നിലപാടെന്ന് മനോരമാ റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ കെഎസ്‌ഇബിയെ അറിയിക്കാതെ നടത്തിയ ഹാക്കിങ്ങിനെ എത്തിക്കല്‍ ഹാക്കിങ്ങായി കണക്കാക്കാന്‍ പറ്റില്ലെന്ന വാദവും നിലവിലുണ്ട്. സുരക്ഷ ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹാക്കിങ് നടത്തുന്നതെങ്കില്‍ രണ്ടു കൂട്ടരും അറിഞ്ഞായിരിക്കണം അത് നടത്തേണ്ടത്. എന്നാല്‍ കെ ഹാക്കേഴ്സിന്റെ കാര്യത്തില്‍ അത് സംഭവിച്ചില്ല. കൂടാതെ ഗൗരവമേറിയ ഭീഷണികളും അവരുടെ ഭാഗത്തു നിന്നുണ്ടായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Azhimukham
Top