Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാനിയും കീര്‍ത്തി സുരേഷും തകര്‍പ്പൻ ചുവടുകളുമായി; 'ദ പാരഡൈസി'ന്റെ രണ്ടാം ഗാനം പുറത്ത്

നാനിയും കീര്‍ത്തി സുരേഷും തകര്‍പ്പൻ ചുവടുകളുമായി; 'ദ പാരഡൈസി'ന്റെ രണ്ടാം ഗാനം പുറത്ത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ന്റെ രണ്ടാം ഗാനം പുറത്തിറങ്ങി.

അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ ഗാനത്തിന് പ്രഭ ബംഗരിഗല്ല, അദ്ദുല ജാംഗിറെഡ്ഡി എന്നിവർ ചേർന്നാണ് ശബ്ദം നല്‍കിയിരിക്കുന്നത്. കാസർല ശ്യാമാണ് വരികള്‍ രചിച്ചിരിക്കുന്നത്. നാനിയും കീർത്തി സുരേഷും തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. റിലീസിന് പിന്നാലെ ഗാനം സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടുകയാണ്.

ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന 'ദ പാരഡൈസി' 2026 സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അയർലൻഡ് വിതരണാവകാശം വായുഭൈരവ സിനിമാസ് സ്വന്തമാക്കിയിട്ടുണ്ട്. 'ജേഴ്സി', 'ഗ്യാങ് ലീഡർ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസി'. അതേസമയം, 'ദസറ'യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 'ദസറ'യുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ് 'ദ പാരഡൈസി'യും നിർമ്മിക്കുന്നത്.

ചിത്രത്തില്‍ നാനി അവതരിപ്പിക്കുന്ന ജദാല്‍ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ് അവതാരമായാണ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസർ ആക്ഷൻ രംഗങ്ങള്‍, മാസ് ഡയലോഗുകള്‍, വമ്പൻ ദൃശ്യങ്ങള്‍ എന്നിവയിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ വയലൻസിനും ആക്ഷനും നല്‍കുന്ന പ്രാധാന്യവും ടീസർ വ്യക്തമാക്കിയിരുന്നു.

ബോളിവുഡ് താരം രാഘവ് ജൂയലാണ് ചിത്രത്തില്‍ പ്രധാന വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. രാഘവിന്റെ ഗ്ലിമ്പ്സ് വീഡിയോയും നേരത്തെ പുറത്തിറങ്ങി ശ്രദ്ധ നേടിയിരുന്നു. നാനിക്കും രാഘവ് ജൂയലിനും പുറമെ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുല്‍ക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് 'ദ പാരഡൈസി' ആഗോളതലത്തില്‍ പ്രദർശനത്തിനെത്തുന്നത്. രചനയും സംവിധാനവും ശ്രീകാന്ത് ഒഡേലയാണ്. സുധാകർ ചെറുകുറിയാണ് നിർമ്മാതാവ്. എസ്‌എല്‍വി സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സി എച്ച്‌ സായിയും എഡിറ്റിംഗ് നവീൻ നൂലിയും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ല. സംഗീതം അനിരുദ്ധ് രവിചന്ദർ. ഓഡിയോ സരിഗമ മ്യൂസിക്കാണ്. മാർക്കറ്റിംഗ് ഫസ്റ്റ് ഷോയും പിആർഒ ശബരിയുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: B4Blaze Malayalam