ഇന്ത്യയിലെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ 'സീ5'ലെ പുതിയ സീരിസാണിപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചർച്ചാ വിഷയം.
നവാഗതനായ എം.എസ് നന്ദുലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'മുത്തശ്ശി' പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മികച്ച രീതിയില്‍ സ്ട്രീമിംഗ് തുടരുന്നു. 6 എപ്പിയോഡുകളോടെ ജൂലൈ 3 ന് റിലീസ് ചെയ്ത ഈ മിത്തോളജിക്കല്‍ ഹൊറർ ഡ്രാമ സീരിസ് സിംഗിള്‍ ടേക്ക് ക്രിയേഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. അമിത് ചക്കാലക്കല്‍, അഖില ഭാർഗവൻ, കെ പി എ സി ലീല, ഓർഹാൻ ഹൈദർ, രാജേഷ് ശർമ്മ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള ഒരു തുളു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രം ഒരു രക്ഷസിൻ്റെ കഥയാണ് പറയുന്നത്. പ്രേതം, ഭൂതം, മാടൻ, മറുത, ഒടിയൻ, ചാത്തൻ തുടങ്ങി പല ശക്തികളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും രക്ഷസിനെ പരാമർശിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഭീതിയും ഭയവും കൗതുകവും ആകാംക്ഷയും കലർന്ന കഥയാണ്. ചിത്രം ആരംഭിക്കുമ്പോള്‍ തന്നെ കഥാപശ്ചാത്തലം പ്രേക്ഷകർക്ക് മനസ്സിലാക്കാനാവും. പിന്നീടങ്ങോട്ട് ശ്വാസം അടക്കി പിടിച്ചായിരിക്കും ഓരോ ദൃഷ്യവും വീക്ഷിക്കുക. കഥയിലെ പ്രധാന കഥാപാത്രമായ കാന്തിയെ സൂക്ഷിച്ച് നോക്കാൻ തന്നെ പ്രേക്ഷകന് പേടി തോന്നും. അവരുടെ മുടിയും കണ്ണും വസ്ത്രരീതിയുമെല്ലാം പ്രേക്ഷക മനസ്സിനെ അസ്വസ്ഥമാക്കും.
അമാനുഷിക ശക്തിയും ദുർമത്രവാദവും കോർത്തിണക്കി ഒരുക്കിയ 'മുത്തശ്ശി' മനോഹരമായ ദൃശ്യാവിഷ്ക്കാരത്താല്‍ സമ്പന്നമാണ്. മനസ്സിനെ ഭയപ്പെടുത്തുന്ന കാഴ്ചാനുഭവവും അപ്രതീക്ഷിതമായെത്തുന്ന കഥാപാത്രങ്ങളും സീരിസിൻ്റെ മാറ്റ് കൂട്ടുന്നു. മലയാളത്തില്‍ അടത്തെങ്ങും ഇത്രയേറെ ക്വാളിറ്റിയോടെ ഒറ്റൊരു സീരിസ് ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം.
റേറ്റിംഗ് : 3.75/5

