Saturday, 14 Mar, 7.25 pm Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
അന്ന് മോഡി അധികാരത്തിലേറിയപ്പോള്‍ ക്രൂഡ് ഓയില്‍ വില 106 ഡോളര്‍, പെട്രോളിന് 71 രൂപ; ഇന്ന് ക്രൂഡ് ഓയില്‍ വില 35 ഡോളര്‍, പെട്രോളിന് 70 രൂപയും; വിപണി ഇടിഞ്ഞാലും ഇന്ധനവില കുലുങ്ങാത്തതിന് പിന്നില്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ് താഴ്ന്നതോടെ രാജ്യത്തെ ഇന്ധനവില കുറയുമെന്ന് ആലോചിച്ച്‌ സ്വപ്‌നം കണ്ടവര്‍ക്ക് ഇരുട്ടടി നല്‍കിയാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച്‌ കേന്ദ്രം പണി തന്നത്. ദിനംപ്രതി എണ്ണവിലയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സമയത്ത് ആഗോള വിപണിയില്‍ എണ്ണ വില കുറയുമ്ബോള്‍ രാജ്യത്തും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന എല്ലാ ജനങ്ങള്‍ക്കുമുള്ള തിരിച്ചടിയായിരുന്നു കേന്ദ്രത്തിന്റെ വക ലഭിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവില്‍ അസംസ്‌കൃത എണ്ണ എത്തിയിട്ടും അതിന്റെ നേട്ടം അനുഭവിക്കാന്‍ ഇന്ത്യക്കാര്‍ക്ക് യോഗമില്ലെന്നാണ് പുതിയ കേന്ദ്ര തീരുമാനം സൂചിപ്പിക്കുന്നത്. കേന്ദ്രം ഇറക്കിയ വിജ്ഞാപനം പര്കാരം എക്‌സൈസ് നികുതിയില്‍ പെട്രോള്‍, ഡീസല്‍ ലിറ്ററിന് മൂന്നു രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രത്യേക എക്‌സൈസ് നികുതി രണ്ടു രൂപ വര്‍ധിപ്പിച്ചു എട്ട് രൂപയുമാക്കിയിട്ടുമുണ്ട്. ഡീസലിന് നാല് രൂപയും. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്.

ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 52 ഡോളറിലേക്ക് മാര്‍ച്ച്‌ ആറിന് തകര്‍ന്ന് വീണതോടെയാണ് എല്ലാത്തിന്റേയും തുടക്കം. മാര്‍ച്ച്‌ എട്ടിന് ഇത് 31.49 ഡോളറായും താഴ്ന്നു ഏറ്റവും വലിയ ഇടിവിലെത്തി. പിന്നീട് മാര്‍ച്ച്‌ 11ന് നില മെച്ചപ്പെടുത്തിയെങ്കിലും വലിയ കാര്യമായ നേട്ടമുണ്ടായില്ല. ഇന്ന് 35 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില എത്തിയതാണ് നേരിയ ആശ്വാസം. എന്നാല്‍ ഇത്രയേറെ ആഗോളതലത്തില്‍ ചാഞ്ചാട്ടം സംഭവിച്ചിട്ടും ഇന്ത്യക്കാര്‍ക്ക് ഒരു പത്തുരൂപയുടെ നേട്ടം പോലും ഉണ്ടാക്കാനായിട്ടില്ല. ഒരു കുറവും വരുത്താതെ ഇന്ത്യയിലെ എണ്ണക്കമ്ബനികളും സര്‍ക്കാരും ജനങ്ങളുടെ പോക്കറ്റടിച്ചു. ഇപ്പോവും അതുതന്നെയാണ് തുടരുന്നതും. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 188.4 മില്യണ്‍ ടണ്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇതിന് 87.7 ബില്യണ്‍ ഡോളര്‍ വിലയായി നല്‍കുകയും ചെയ്തു. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 64 ഡോളറാണ് ശരാശരി വിലയായി 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ ഇന്ത്യ നല്‍കിയത്. എന്നാല്‍, 2020 മാര്‍ച്ച്‌ ആറിന് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ വില ബാരലിന് 47.92 ഡോളര്‍ മാത്രമായിരുന്നു. മാര്‍ച്ച്‌ 10ന് ഇത് 34.52 ഡോളറായി കുറഞ്ഞു. 28 ശതമാനത്തിന്റെ കുറവാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.

2014ല്‍ വന്‍ഭൂരിപക്ഷത്തോടെ ഒന്നാം മോഡി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ബാരലിന് 106.85 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അന്ന് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 71.41 രൂപയായിരുന്നു. ഇന്നാകട്ടെ ഡല്‍ഹിയില്‍ പെട്രോളിന്റെ വില 70 രൂപയാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 35 ഡോളറും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 50ലേറെ ശതമാനത്തിന്റെ ഇടിവ് ക്രൂഡ് ഓയിലിന് സംഭവിച്ചിട്ടും ഇതൊന്നും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കാത്തത് രാജ്യത്തെ നികുതി കണക്ക് കാരണമാണ്.

കണക്കുകള്‍ പരിശോധിച്ചാല്‍, 2014 മേയില്‍ ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് 47.12 രൂപക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ ഡീലര്‍മാര്‍ക്ക് ലഭിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് നികുതി 10.39 രൂപയും സംസ്ഥാന സര്‍ക്കാറിന്റെ വാറ്റ് 11.9 രൂപയും ഡീലര്‍മാരുടെ കമ്മീഷന്‍ 2 രൂപയുമൊക്കെ ചേര്‍ത്ത് 71.41 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

2020ലെ കണക്ക് പ്രകാരം, ഡീലര്‍മാര്‍ക്ക് 32.93 രൂപക്ക് പെട്രോള്‍ ലഭിക്കുന്നുണ്ട്, എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന നികുതിയായ എക്‌സൈസ് ഡ്യൂട്ടി 10.39 ല്‍ നിന്ന് 19.98 രൂപയായി വര്‍ധിച്ചത് ജനങ്ങളുടെ തലയ്ക്കുള്ള പ്രഹരമാണ്. മേമ്ബൊടിക്ക് സംസ്ഥാന നികുതി 11.9 രൂപയില്‍ നിന്ന് 15.25 രൂപയായും വര്‍ധിച്ചിട്ടുണ്ട്. ഇതോടെ, 3.55 രൂപ ഡീലര്‍മാരുടെ കമ്മീഷനും കൂട്ടിച്ചേര്‍ത്ത് ആകെ വില 71.71 രൂപയായി. ഈ സാഹചര്യത്തിലാണിപ്പോള്‍ വീണ്ടും എക്‌സൈസ് നികുതി മൂന്നു രൂപ കൂടി വര്‍ധിപ്പിച്ചത്. ഒപ്പം പ്രത്യേക എക്‌സൈസ് നികുതിയും. റോഡ് സെസും.

കൊറോണ ഉള്‍പ്പടെയുള്ള ആഗോള പ്രതിഭാസങ്ങള്‍ കാരണം ലോക സാമ്ബത്തിക രംഗം തന്നെ വലിയ സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യവും ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. എണ്ണവിലയുടെ രണ്ടാഴ്ചത്തെ ശരാശരി കണക്കാക്കിയാണ് ഇന്ത്യയില്‍ കമ്ബനികള്‍ വില നിശ്ചയിക്കുന്നത്. ഇന്ന് വീണ്ടും നികുതി വര്‍ധിപ്പിച്ചതോടെ ക്രൂഡ് ഓയില്‍ വിലയിടിവ് നേട്ടം അടുത്തെങ്ങും ജനങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top