Thursday, 14 Jun, 3.29 am Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
തടസ്സങ്ങളേറെയുണ്ട് എങ്കിലും കൈവിടില്ല ഞാന്‍; കിണര്‍ പണിക്കുപോയി സ്‌കൂള്‍ നടത്തുന്ന ഈ മാനേജര്‍ക്ക് കൊടുക്കാം ഒരു ബിഗ്‌സല്യൂട്ട്

ഒരു സ്‌കൂള്‍ മാനേജരെന്നു കേള്‍ക്കുമ്ബോള്‍ മനസ്സിലേക്ക് വരുന്ന രൂപമെന്താണ്? മോടിയില്‍ വസ്ത്രം ധരിച്ച്‌ ഇടയ്‌ക്കെപ്പോഴെങ്കിലുമൊക്കെ വന്നുപോകുന്ന ഒരാള്‍. എന്നാല്‍, ഇവിടെ ഇതാ വ്യത്യസ്തനായ ഒരു സ്‌കൂള്‍ മാനേജര്‍. മൊറാഴ എഎല്‍പി സ്‌കൂളിലെ മാനേജര്‍ സുനിലിനെ കുറിച്ചാണ് പറയുന്നത്.

സ്‌കൂള്‍ സുഗമമായി നടത്തിക്കൊണ്ടു പോകാന്‍ കിണര്‍ പണിക്ക് പോവുകയാണ് ഈ മാനേജര്‍. സ്‌കൂളിനേയും, സുനിലിനേയും കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്, ആ കുറിപ്പ് വായിക്കാം.

സ്‌കൂള്‍ നടത്താന്‍ കിണര്‍ പണിക്ക് പോവുന്ന മാനേജര്‍... ഈ വലിയ മനുഷ്യനെ നിങ്ങളില്‍ പലര്‍ക്കും അറിയില്ലായിരിക്കാം... ഇങ്ങനെയുള്ള നന്മ മരങ്ങള്‍ ഒരുപക്ഷെ നമ്മളില്‍ ചിലര്‍ക്കെങ്കിലും കരുണയും സ്‌നേഹവും തിരിച്ചറിവും ഒക്കെ ഉണ്ടാക്കിയേക്കും... തുടര്‍ന്ന് വായിക്കൂ കൂട്ടുകാരെ...

അടുത്ത ദിവസം വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കാനുള്ള പേപ്പര്‍ ഓഫീസ് റൂമില്‍ വച്ചു മറന്ന വിവരം ഞാന്‍ ഓര്‍ക്കുന്നത് വീട്ടിലെത്തിയപ്പോഴാണ്. രാവിലെ പോയി അതെടുത്ത ശേഷം തിരികെ ഒരു യാത്ര പ്രയാസകരമാണ്. ഓഫീസ് കാര്യത്തിനു സമയത്തു തന്നെ രേഖകള്‍ സമര്‍പ്പിക്കുകയും വേണം. അന്ന് രാത്രി തന്നെ പോയി രേഖകള്‍ എടുത്തു വരാന്‍ ഞാന്‍ തീരുമാനിച്ചു.

ഒരു ഓട്ടോ വിളിച്ച്‌ തിരികെ സ്‌കൂളില്‍ എത്തിയപ്പോള്‍ മണി എട്ട്. സ്‌കൂള്‍ കോമ്ബൌണ്ടില്‍ ഒരു മെഴുകുതിരിയുടെ പ്രകാശം കാണാം. രാത്രിയില്‍ വല്ല കള്ളന്മാര്‍ കയറിയതാണോ എനിക്ക് സംശയം തോന്നി. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരാള്‍ നിന്ന് മണല്‍ അരിക്കുകയാണ്.

കുറച്ചു കൂടി അടുത്തെത്തിയപ്പോഴാണ് അത് സുനില്‍ ആണെന്ന് മനസ്സിലായത്..- കണ്ണൂരിലെ തളിപ്പറമ്ബ സൌത്ത് ഉപജില്ലയിലെ മൊറാഴ എഎല്‍പി സ്‌കൂളിലെ മാനേജര്‍ ആയ കെ.സുനില്‍ കുമാറിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രധാനാധ്യാപികയായ ഗിരിജ ടീച്ചര്‍ ഓര്‍ത്തെടുത്ത സംഭവമാണ് ഇത്.

സ്‌കൂള്‍ മുന്നോട്ടു പോകാനുള്ള തുക ഈ മാനേജര്‍ കണ്ടെത്തുന്നത് കിണര്‍പണിക്കു പോയാണ് എന്നുള്ളത് കൂടി അറിയുമ്ബോഴാണ് പണം വാരാന്‍ വേണ്ടിയുള്ള സ്ഥാനം എന്ന നിലയില്‍ മാത്രം ചിലര്‍ ഉപയോഗിക്കുന്ന മാനേജര്‍ പോസ്റ്റിനെ സുനില്‍ എങ്ങനെയാണു കാണുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുക.

കൊണ്ടോട്ടി എഎംഎല്‍പി എസ് കഴിഞ്ഞ ദിവസം അധികൃതര്‍ പൂട്ടി സീല്‍ വച്ചു. കോഴിക്കോട് മലാപ്പറമ്ബ സ്‌കൂളും പൂട്ടി. അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. ചിലയിടങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണ് സ്‌കൂള്‍ പൂട്ടുന്നത് എങ്കില്‍ മറ്റിടങ്ങളില്‍ അതുണ്ടാവുന്നത് സ്‌കൂള്‍ മാനേജര്‍മാരുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നടപ്പിലാക്കുമ്ബോഴാണ്. ഇവിടെയാണ് മൊറാഴ എഎല്‍പി സ്‌കൂളും അവിടത്തെ മാനേജരും വേറിട്ടു നില്‍ക്കുന്നതും.

മറ്റുപല സ്‌കൂളുകളെയും പോലെ അടച്ചുപൂട്ടല്‍ ഘട്ടത്തില്‍ നിന്നുമാണ് സുനില്‍ മൊറാഴ എഎല്‍പി സ്‌കൂളിനെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നത്. പിടിഎയും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ഥികളും നല്‍കുന്ന പിന്തുണ ഇതില്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ടെങ്കിലും തന്നെ സമീപിച്ച റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ ഒരാളോട് എങ്കിലും സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലം വില്‍ക്കാന്‍ തയ്യാറാണ് എന്ന് സുനില്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് മൊറാഴ എഎല്‍പി സ്‌കൂള്‍ ഉണ്ടാവില്ലായിരുന്നു.

സുനില്‍ എന്ന മാനേജര്‍ സ്‌കൂളിനു വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നു ചോദിക്കുന്നതിനെക്കാള്‍ എന്തൊക്കെ ചെയ്യുന്നില്ല എന്ന ചോദ്യമാവും ഈ അവസരത്തില്‍ കുറേക്കൂടി യോജിക്കുക. ആദ്യം കിണര്‍ പണിയിലേക്ക് തന്നെ വരാം. സ്‌കൂളിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകാനുള്ള പണം സമ്ബാദിക്കാന്‍ കിണര്‍ കുഴിക്കുന്ന പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുനിലിനെ നാട്ടില്‍ പല സ്ഥലത്തും കാണാന്‍ കഴിയും.

കോണ്‍ട്രാക്റ്റ് എടുത്താണ് സുനില്‍ പണി പൂര്‍ത്തിയാക്കുക. സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ചാണ് പണിയുടെ കൂലി. കുന്നിന്‍പ്രദേശത്താണ് കിണര്‍ എങ്കില്‍ രണ്ടര ലക്ഷം രൂപ വരെ ഒരു കിണറിനു ലഭിക്കും. മണ്ണിന് അധികം കട്ടിയില്ലാത്ത സ്ഥലം ആണെങ്കില്‍ അത് 60000 രൂപ വരെ ആകും. കൂടെയുള്ള പണിക്കാര്‍ക്ക് ഒരു ദിവസത്തെ കൂലി 700 രൂപയാണ്.

ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം സുനില്‍ വിനിയോഗിക്കുക സ്‌കൂളിന്റെ ആവശ്യങ്ങള്‍ക്കും. ഗിരിജ ടീച്ചര്‍ പറഞ്ഞതുപോലെ മണല്‍ അരിച്ചുകൊണ്ടും സിമന്റ് കുഴച്ചുകൊണ്ടും കിണര്‍ വൃത്തിയാക്കിക്കൊണ്ടും പെയിന്റ് അടിച്ചുകൊണ്ടും ചിലപ്പോ കല്ല് ചുമന്നും ബഞ്ചും ഡസ്‌കും നന്നാക്കിയും സുനില്‍ സ്‌കൂളില്‍ ഉണ്ടാകും. സുനിലിനെ രാത്രിയിലും പുലര്‍ച്ചെയും ഒക്കെ സ്‌കൂളില്‍ കാണാന്‍ കഴിയും.

സ്‌കൂളിനെ നിര്‍മ്മാണപ്രവൃത്തികള്‍ മുഴുവന്‍ ചെയ്യാറുള്ളത് സുനില്‍ തന്നെയാണ്. എന്തുകൊണ്ടാണ് ഈ സ്‌കൂളിനു വേണ്ടി ഇത്ര കഷ്ടപ്പെടുന്നത് എന്ന് ആരു ചോദിച്ചാലും സുനിലിന്റെ മറുപടി ഇതാണ് 'എനിക്കുണ്ടായ അനുഭവം വേറെ ആര്‍ക്കും ഉണ്ടാവരുത്' 'കുട്ടിയായിരിക്കുന്ന സമയമാണ് അമ്മ മരിക്കുന്നത്. അച്ഛന്‍ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു.

പിന്നീട് ജീവിതം മുന്‍പോട്ടു പോയത് വളരെ കഷ്ടപ്പെട്ടാണ്. വളര്‍ത്താനും പഠിപ്പിക്കാനും ആരും ഇല്ലാഞ്ഞതിനാല്‍ എനിക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അങ്ങനെ ഒരു അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാവരുത് എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടാണ് എന്റെ കൈയ്യില്‍ നില്‍ക്കാത്തതായിട്ടു കൂടി ഈ സ്‌കൂള്‍ മുന്‍പോട്ടു കൊണ്ടു പോകുന്നത്'- സുനില്‍ പറയുന്നു.

1919 ല്‍ ഈ സ്‌കൂള്‍ ആരംഭിക്കുന്നത് സുനിലിന്റെ അമ്മൂമ്മയുടെ അച്ഛനാണ്. പരമ്ബരകള്‍ കൈമാറി സ്‌കൂള്‍ സുനിലിന്റെ കൈകളില്‍ എത്തുന്നത് 1981ല്‍ ആണ്. പ്രതാപം അല്‍പ്പം മങ്ങിയ സമയമാണ് സുനില്‍ സ്‌കൂള്‍ ഏറ്റെടുക്കുന്നത്. പിന്നീട് ചോരയും നീരും കൊടുത്തു തന്നെ ഈ മനുഷ്യന്‍ സ്‌കൂളിനെ വളര്‍ത്തി എന്ന് തന്നെ പറയാം.

ഇന്ന് ഈ സ്‌കൂളില്‍ 12 ഡിവിഷനുകളില്‍ ആയി 317ഓളം കുട്ടികളുണ്ട്. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ കൂടുതലും എത്തുന്നത് സമീപപ്രദേശത്തു നിന്നുള്ള വിദ്യാര്‍ഥികളാണ്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ഗിരിജ ടീച്ചര്‍ സ്‌കൂളില്‍ എത്തുന്നത് 20മത്തെ വയസ്സിലാണ്. 2008 ല്‍ പ്രധാനാധ്യാപികയായി ചുമതലയേല്‍ക്കുകയും ചെയ്തു. 12 ഓളം അധ്യാപകര്‍ രണ്ട് ആയമാര്‍ എന്നിവര്‍ സദാസമയവും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു.

മൂന്നു നിലകള്‍ ഉള്ള ഒരു കെട്ടിടം ഇവിടെയുണ്ട്. ഇതില്‍ ആറോളം ക്ലാസുകള്‍ ആണുള്ളത്. പുതുതായി രണ്ടു നിലകളുള്ള ഒരു കെട്ടിടത്തിന്റെ പണികള്‍ ആരംഭിക്കാനിരിക്കുകയാണ്. ഇത് പണിതുയര്‍ത്താന്‍ സുനിലിനെ പൂര്‍വ്വവിദ്യാര്‍ഥികളുടെ സംഘടനയും സാമ്ബത്തികമായി സഹായിച്ചു. 40 ഓളം അംഗങ്ങള്‍ ഉള്ള പിടിഎ കമ്മിറ്റി സുനിലിനു ശക്തമായ പിന്തുണയോടെ സ്‌കൂള്‍ കാര്യങ്ങളില്‍ സജീവമാണ്.

ഓരോ മാസവും 4000 രൂപയോളം സ്‌കൂളിനു വേണ്ടി ചെലവാകും. ദൈനംദിനപ്രവൃത്തികള്‍ക്ക് വേണ്ടി വരുന്ന തുക മാത്രമാണ് ഇത്. പ്രത്യേക ചടങ്ങുകള്‍, പ്രവേശനോത്സവം എന്നിവ വരുമ്ബോള്‍ അത് 60000നു മേലെയാകും. അതൊക്കെ കണ്ടെത്തുക സുനില്‍ തന്നെയാണ്. നാലു കമ്ബ്യൂട്ടറുകള്‍ ഉള്ള ഐടി ലാബ്, വായനാ കൂടാരം എന്ന ലൈബ്രറി, പ്രൊജക്ടര്‍ സൗകര്യമുള്ള ഇന്ററാക്റ്റീവ് ഇംഗ്ലിഷ് തിയേറ്റര്‍, പാര്‍ക്ക് എന്നിങ്ങനെ ഇവിടത്തെ കുരുന്നുകള്‍ക്കായി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ അനവധിയാണ്.

ഒരു ടെമ്ബോ ട്രാവലര്‍ രണ്ട് ടാറ്റ വിംഗര്‍ എന്നീ വാഹനങ്ങള്‍ സ്‌കൂളിനു സ്വന്തമായുണ്ട്. ഇത് സ്‌കൂളിനകത്തെ കാര്യങ്ങള്‍. ഇനി പുറത്തെ കാര്യം പറയാം. കഴിഞ്ഞ അഞ്ചു വര്‍ഷമായി തളിപ്പറമ്ബ് ഉപജില്ലയില്‍ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം ഇവിടത്തെ കോമ്ബൗണ്ടിനു പുറത്തു പോയിട്ടില്ല, കൂടാതെ ജില്ലാ തലത്തില്‍ അഞ്ചാം സ്ഥാനവും മൊറാഴ സ്‌കൂളിനു തന്നെ.

പൂട്ടല്‍ ഭീഷണിയും മറ്റ് അനേകം കടമ്ബകളും കടന്ന് ഇന്നും സ്‌കൂള്‍ മുന്നോട്ടു പോകുമ്ബോള്‍ സുനിലിനും കുടുംബത്തിനും ഉള്ളത് ഇപ്പോഴും പണിതീരാത്ത ഒരു വീടാണ് എന്നുകൂടി അറിയുമ്ബോള്‍ കാര്യങ്ങള്‍ നമുക്ക് കൂടുതല്‍ വ്യക്തമാവും. ഭാര്യയും രണ്ടു പെണ്മക്കളും ആണ് സുനിലിന്.

സ്‌കൂളിന്റെ കാര്യത്തില്‍ പൂര്‍ണ്ണപിന്തുണയോടെ അവരുമുണ്ട്. എന്തൊക്കെ വന്നാലും സ്‌കൂള്‍ വില്‍ക്കാനോ പൂട്ടാനോ സുനില്‍ തയ്യാറല്ല. പൈതൃകമായി കിട്ടിയ സ്വത്ത് എന്നതിലുപരി 'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം' എന്നത് തന്നെയാണ് സുനിലിനെ മുന്നോട്ടു കൊണ്ടു പോകുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top