Monday, 17 Feb, 9.25 am Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
തൃശ്ശൂര്‍ കൊറ്റമ്ബത്തൂരിലെ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് വാച്ചര്‍മാര്‍ വെന്തു മരിച്ചു; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ദേശമംഗലം: തൃശ്ശൂരിലെ കാട്ടുതീയില്‍ സമൂഹമനസാക്ഷിയെ ഞെട്ടിച്ച്‌ മൂന്ന് വാച്ചര്‍മാര്‍ക്ക് ദാരുണമരണം. പൊള്ളം കൊറ്റമ്ബത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേയാണ് മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ വെന്തുമരിച്ചത്. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെവി ദിവാകരന്‍ (43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്ബ് എടവണ വളപ്പില്‍വീട്ടില്‍ എംകെ വേലായുധന്‍ (55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്ബ് വട്ടപ്പറമ്ബില്‍ വീട്ടില്‍ വിഎ ശങ്കരന്‍ (46) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സിആര്‍ രഞ്ജിത്ത്(37) കാട്ടുതീയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റത് മാത്രമാണ് ഏക പരിക്ക്. 2018 മാര്‍ച്ചില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കൊരങ്ങിണിയില്‍ കാട്ടുതീയില്‍പ്പെട്ട് 23 പേര്‍ മരിച്ചശേഷം രാജ്യത്ത് തന്നെ ആദ്യമായാണ് കാട്ടുതീയില്‍ അകപ്പെട്ടുള്ള മരണം. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കാട്ടുതീ മരണങ്ങളുമാണിത്.

വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് കാട്ടുതീയുണ്ടായ കൊറ്റമ്ബത്തൂര്‍. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. മുന്‍വര്‍ഷങ്ങളിലും ഇവിടെ കാട്ടുതീയുണ്ടായിരുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് കൊറ്റമ്ബത്തൂര്‍ പ്രദേശത്ത് തീ പടര്‍ന്നത്. വനംവകുപ്പുദ്യോഗസ്ഥരും വാച്ചര്‍മാരുമടക്കം 14 പേര്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും ഇവരെ സഹായിക്കാന്‍ ഒപ്പംചേര്‍ന്നിരുന്നു. നാലുമണിയോടെ തീ നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലില്‍നാട്ടുകാര്‍ വനംവകുപ്പുകാര്‍ക്ക് കുടിവെള്ളം നല്‍കി തിരിച്ചുപോന്നു. എന്നാല്‍, ഇതിനുശേഷം ശക്തമായ കാറ്റടിച്ച്‌ തീ പെട്ടെന്ന് ഉയരത്തില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതില്‍ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേര്‍ ഓടിരക്ഷപ്പെട്ടു. പക്ഷെ, ദിവാകരന്‍, വേലായുധന്‍, ശങ്കരന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ തീച്ചുഴിയില്‍പ്പെടുകയായിരുന്നു. എങ്ങോട്ട് ഓടണമെന്നറിയാതെ അപകടത്തിലകപ്പെടുകയായിരുന്നു നാലുപേരും.

ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. ദിവാകരനും വേലായുധനും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരന്‍ ധ്യാന്‍ ഏക മകനാണ്. കാര്‍ത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കള്‍: സുബീഷ്, അനിലന്‍, സുബിത. മരുമക്കള്‍: സ്മിജ, വിജയന്‍. എരുമപ്പെട്ടി ഗ്രാമപ്പഞ്ചായത്ത്് മുന്‍ പ്രസിഡന്റ് എകെ കണ്ണന്റെ സഹോദരനാണ് വേലായുധന്‍. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കള്‍ ശരത്ത്, ശനത്ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top