മുംബൈ : മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് വോട്ടർ പട്ടികയില്‍ നിന്നും 2.06 കോടിയലധികം വോട്ടർമാർ പുറത്തായത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
സ്പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടികള്‍ക്ക് മുൻപ് സംസ്ഥാനത്ത് ആകെ 9.78 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ കരട് പട്ടികയിലുള്ളത് 7.71 കോടി വോട്ടർമാർ മാത്രമാണ്. അതായത് മുൻപുണ്ടായിരുന്ന ആകെ വോട്ടർമാരുടെ 21.14 ശതമാനം ആളുകളാണ് നിലവിലെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. പൂനെ, ഠാണെ, മുംബൈ സബർബൻ തുടങ്ങിയ വലിയ നഗരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേരുകള്‍ ഒഴിവാക്കപ്പെട്ടത്.
രേഖപ്പെടുത്തിയിട്ടുള്ള വിലാസത്തില്‍ ആളുകളെ കണ്ടെത്താൻ സാധിക്കാത്തതാണ് വോട്ടർമാരെ ഒഴിവാക്കാൻ ഇടയാക്കിയ പ്രധാന കാരണങ്ങളിലൊന്ന്. സർവേയുടെ ഭാഗമായി വോട്ടർമാർ നല്‍കേണ്ട വിവരശേഖരണ ഫോമുകള്‍ (ന്യൂമറേഷൻ ഫോമുകള്‍) വലിയ അളവില്‍ തിരികെ ലഭിക്കാതെ ആയിട്ടുണ്ട്. താമസസ്ഥലം സ്ഥിരമായി മാറിയവർ, മരണപ്പെട്ടവർ, ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടർ പട്ടികയില്‍ പേരുള്ളവർ (ഡ്യൂപ്ലിക്കേറ്റ് എൻട്രികള്‍) എന്നിവരും കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. കൂടാതെ ചിലർ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാൻ വിസമ്മതിച്ചതും പേര് ഒഴിവാക്കപ്പെടാൻ കാരണമായിട്ടുണ്ട്.
എന്നാല്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായ അർഹരായ വോട്ടർമാർക്ക് തിരുത്തലുകള്‍ വരുത്താൻ ഒക്ടോബർ വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പേര് വീണ്ടും ഉള്‍പ്പെടുത്തുന്നതിനായി വോട്ടർമാർക്ക് ഫോം 6 ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷം എല്ലാ തിരുത്തലുകളും പൂർത്തിയാക്കി വരും മാസങ്ങളില്‍ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

