പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ആശുപത്രി സി.ഇ.ഒ പ്രദീപ് ടണ്ടനും തമ്മിലുള്ളതെന്ന് പറയപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ വിവാദമായിരിക്കുകയാണ്.
അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഈ സംഭാഷണം നടന്നതെന്നാണ് റിപ്പോർട്ട്.
അഭിഷേക് ബാനർജിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് മമത ബാനർജി സി.ഇ.ഒ പ്രദീപ് ടണ്ടനെതിരെ രൂക്ഷമായി സംസാരിക്കുന്നത്. ഓഡിയോ ക്ലിപ്പിലെ വാക്കുകള്‍ ബി.ജെ.പിക്കെതിരായ മമതയുടെ രാഷ്ട്രീയ ആരോപണങ്ങളെ കൂടുതല്‍ ശക്തമാക്കുന്നു.
നിങ്ങള്‍ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. നിങ്ങളുടെ മുഖം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതൊരു ആശുപത്രിയാണോ നിങ്ങള്‍ നടത്തുന്നത്? നിങ്ങളുടെ അഹങ്കാരം..' എന്ന് മമത ബാനർജി സി.ഇ.ഒ-യോട് ക്ഷോഭിക്കുന്നതായി ഓഡിയോയില്‍ കേള്‍ക്കാം. ആശുപത്രി അധികൃതർ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും, തന്നെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും മമത ആരോപിക്കുന്നു.
സൊനാർപൂരില്‍ വെച്ച് അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്. ആക്രമണത്തിന് ശേഷം അദ്ദേഹത്തെ ചികിത്സയ്ക്കായി ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സാ സൗകര്യങ്ങളെച്ചൊല്ലി നേരത്തെ തന്നെ മമത ബാനർജി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ ഓഡിയോ ക്ലിപ്പ് കൂടുതല്‍ ആക്കം കൂട്ടിയിരിക്കുകയാണ്.

