അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലും വീണ്ടും ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍. അബുദാബിയിലെ പ്രമുഖ പെട്രോകെമിക്കല്‍ കേന്ദ്രമായ ഹബ്ഷാൻ ഗ്യാസ് പ്ലാന്റില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റില്‍ വൻ തീപിടുത്തമുണ്ടായത്. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്ത ശത്രു മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പ്ലാന്റിന് മുകളില്‍ വീണതാണ് തീപിടുത്തത്തിന് കാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്ലാന്റില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ഈജിപ്ഷ്യൻ സ്വദേശിയായ ഒരു ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.
തീപിടുത്തത്തെത്തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെച്ചു. സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് പാകിസ്താൻ സ്വദേശികള്‍ക്കും രണ്ട് ഈജിപ്ഷ്യൻ സ്വദേശികള്‍ക്കും സാരമായ പരിക്കേറ്റതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആക്രമണ സൂചന ലഭിച്ചാല്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ദുബായ്, അബുദാബി പോലീസ് നിർദ്ദേശം നല്‍കി.

