തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടിയന്തര മുന്നറിയിപ്പ്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപപ്പെട്ട രണ്ട് ശക്തമായ ചക്രവാതച്ചുഴികളാണ് ഇത്തവണ കാലവർഷത്തിന്റെ വരവ് വേഗത്തിലാക്കുന്നത്. ജൂണ്‍ 4 മുതല്‍ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ദുരന്തനിവാരണ അതോറിറ്റി വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചു.
ജൂണ്‍ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 5 ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അടിയന്തര സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുള്ള 'കവചം' ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ മുഴങ്ങി. കടല്‍ അതീവ പ്രക്ഷുബ്ധമാകാനും മോശം കാലാവസ്ഥ തുടരാനും സാധ്യതയുള്ളതിനാല്‍ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 7 വരെ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും മുന്നറിയിപ്പുണ്ട്.

