Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാളില്‍ ഒന്നരലക്ഷത്തിലധികം വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍! വൻ ക്രമക്കേട് പുറത്തുവിട്ട് പരിശോധനാ റിപ്പോര്‍ട്ട്

ബംഗാളില്‍ ഒന്നരലക്ഷത്തിലധികം വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍! വൻ ക്രമക്കേട് പുറത്തുവിട്ട് പരിശോധനാ റിപ്പോര്‍ട്ട്

Brave India News 4 months ago

പശ്ചിമ ബംഗാളില്‍ വ്യാപകമായി വ്യാജ ജനന സർട്ടിഫിക്കറ്റുകള്‍ നിർമ്മിച്ചു നല്‍കുന്ന വൻ റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്ത്.

സംസ്ഥാനത്ത് നടന്ന വിപുലമായ പരിശോധനയിലാണ് ഒന്നര ലക്ഷത്തിലധികം ജനന സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. വർഷങ്ങളായി സംസ്ഥാനത്ത് രാഷ്ട്രീയവും ഭരണപരവുമായ വലിയ തർക്കങ്ങള്‍ക്ക് കാരണമായ ഈ വിഷയം പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.

ലഭ്യമായ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം പഴയ ഭൗതിക സർട്ടിഫിക്കറ്റുകളും ഡിജിറ്റല്‍ രേഖകളും ഉള്‍പ്പെടെയുള്ളവയാണ് അധികൃതർ കർശന പരിശോധനയ്ക്ക് വിധേയമാക്കിയത്. ഒരു വർഷത്തിന് മുൻപ് നല്‍കിയ 46,995 ജനന സർട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍ 44,520 എണ്ണത്തിന്റെ പരിശോധന പൂർത്തിയായി. ഇതില്‍ 10,972 എണ്ണം വ്യാജമാണെന്നാണ് കണ്ടെത്തിയത്. അതായത് പരിശോധിച്ച പഴയ സർട്ടിഫിക്കറ്റുകളില്‍ 24.6 ശതമാനവും വ്യാജമാണെന്ന് ചുരുക്കം.

കൂടാതെ, ഡിജിറ്റൈസ് ചെയ്ത ജനന സർട്ടിഫിക്കറ്റുകളിലും വലിയ തോതിലുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധിച്ച 10,15,880 ഡിജിറ്റല്‍ സർട്ടിഫിക്കറ്റുകളില്‍ 1,50,174 എണ്ണം വ്യാജമാണെന്ന് വ്യക്തമായി. രണ്ടു വിഭാഗങ്ങളിലുമായി ആകെ 1.61 ലക്ഷത്തിലധികം വ്യാജ സർട്ടിഫിക്കറ്റുകളാണ് ബംഗാളില്‍ ഇതുവരെ പിടികൂടിയിട്ടുള്ളത്.

സംഭവം പുറത്തുവന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. അതിർത്തി പ്രദേശങ്ങളില്‍ വൻതോതില്‍ ജനസംഖ്യാപരമായ മാറ്റങ്ങള്‍ വരുത്താൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി നേതാവ് ഷാമിക് ഭട്ടാചാര്യ ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തങ്ങള്‍ ഈ വിഷയം ഉന്നയിച്ചിരുന്നതാണെന്നും, ബംഗാളിലെ ഭരണകക്ഷി ആളുകള്‍ക്ക് ആധാർ കാർഡുകളും വ്യാജ ജനന സർട്ടിഫിക്കറ്റുകളും വളരെ എളുപ്പത്തില്‍ നിർമ്മിച്ചു നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരും ദിവസങ്ങളില്‍ ഈ വിഷയം ബംഗാള്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ പുകയാനാണ് സാധ്യത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News