Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘര്‍ഷങ്ങള്‍ തളര്‍ത്തിയില്ല;മെഡിക്കല്‍ ടൂറിസം വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘര്‍ഷങ്ങള്‍ തളര്‍ത്തിയില്ല;മെഡിക്കല്‍ ടൂറിസം വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

മിഡില്‍ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങളും ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയും കാരണം അന്താരാഷ്ട്ര രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, 2025-26 സാമ്പത്തിക വർഷത്തില്‍ ഇന്ത്യയിലെ പ്രമുഖ ലിസ്റ്റഡ് ആശുപത്രികളുടെ മെഡിക്കല്‍ ടൂറിസം വരുമാനത്തില്‍ വർദ്ധനവെന്ന് റിപ്പോർട്ടുകള്‍.

വിദേശ രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് മറികടക്കാൻ കൂടുതല്‍ സങ്കീർണ്ണമായ ചികിത്സാ രീതികള്‍ അവലംബിച്ചതും പുതിയ വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതും ആശുപത്രികളെ സഹായിച്ചു.

പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തില്‍, നേരത്തെ തന്നെ ഇന്ത്യയില്‍ എത്തിയിരുന്ന വിദേശ രോഗികള്‍ക്കാണ് ആശുപത്രികള്‍ പ്രധാനമായും ചികിത്സ നല്‍കിയിരുന്നതെന്നും ആ മാസത്തില്‍ ബിസിനസ്സില്‍ ഏകദേശം 7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതായും ഫോർട്ടിസ് ഹെല്‍ത്ത്‌കെയർ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനില്‍ വിനായക് വ്യക്തമാക്കി. എങ്കിലും, 2024-25 സാമ്പത്തിക വർഷത്തിലെ 539 കോടി രൂപയില്‍ നിന്ന് 18.5 ശതമാനം വളർച്ചയോടെ 2025-26-ല്‍ മെഡിക്കല്‍ ടൂറിസം വരുമാനം 639 കോടി രൂപയായി ഉയർത്താൻ ഫോർട്ടിസിന് സാധിച്ചു. സമാനമായി മാക്സ് ഹെല്‍ത്ത്‌കെയർ , മേദാന്ത എന്നീ പ്രമുഖ ഗ്രൂപ്പുകളും തങ്ങളുടെ അന്താരാഷ്ട്ര ബിസിനസ്സില്‍ മികച്ച വളർച്ച കൈവരിച്ചു.

പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങള്‍ കാരണം രോഗികളുടെ വരവ് കുറഞ്ഞെങ്കിലും, ഹൃദയ ശസ്ത്രക്രിയകള്‍, അവയവ മാറ്റിവെക്കല്‍, കാൻസർ ചികിത്സ , റോബോട്ടിക് സർജറികള്‍ തുടങ്ങിയ സങ്കീർണ്ണവും ചിലവേറിയതുമായ ചികിത്സകള്‍ക്കായി ഇന്ത്യയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വർദ്ധനവുണ്ടായതാണ് വരുമാനം ഉയരാൻ കാരണമായതെന്ന് മാക്സ് ഹെല്‍ത്ത്‌കെയർ വക്താവ് അറിയിച്ചു.

മറ്റൊരു പ്രമുഖ ശൃംഖലയായ അപ്പോളോ ഹോസ്പിറ്റല്‍സ് തങ്ങളുടെ കൃത്യമായ വരുമാന കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ബംഗ്ലാദേശില്‍ നിന്നുള്ള രോഗികളുടെ കുറവ് സാമ്പത്തിക വർഷത്തെ പ്രകടനത്തെ ചെറിയ രീതിയില്‍ ബാധിച്ചതായി അപ്പോളോയുടെ മാനേജിംഗ് ഡയറക്ടർ സുനിത റെഡ്ഡി വ്യക്തമാക്കി. സാധാരണയായി ഇന്ത്യയില്‍ മെഡിക്കല്‍ വിസയില്‍ എത്തുന്ന വിദേശികളില്‍ 75 ശതമാനത്തോളം പേർ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമീപകാല പ്രശ്നങ്ങള്‍ കാരണം ഇതില്‍ കുറവുണ്ടായതോടെ ആശുപത്രികള്‍ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, സി.ഐ.എസ് രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള പുതിയ വിപണികളിലേക്ക് ശ്രദ്ധ തിരിച്ചു.

ആസ്റ്റർ ഡിഎം ഹെല്‍ത്ത്‌കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ വ്യക്തമാക്കിയതനുസരിച്ച്‌, ഈ മേഖലയില്‍ കമ്പനി 41 ശതമാനം വാർഷിക വളർച്ച നേടിയിട്ടുണ്ട്. പടിഞ്ഞാറൻ ഏഷ്യയിലെ പ്രതിസന്ധി കാരണം ഉണ്ടായ കുറവ് മറികടക്കാൻ മാലിദ്വീപില്‍ നിന്നുള്ള രോഗികളുടെ ഒഴുക്ക് സഹായിച്ചതുമൂലം കേരളത്തിലെ മാത്രം മെഡിക്കല്‍ ടൂറിസം വരുമാനത്തില്‍ 51 ശതമാനം വളർച്ചയുണ്ടായതായി അവർ കൂട്ടിച്ചേർത്തു.

പടിഞ്ഞാറൻ ഏഷ്യയിലെ പ്രശ്നങ്ങള്‍ താല്‍ക്കാലികമാണെന്നും വരും മാസങ്ങളില്‍ ഈ പ്രതിസന്ധികള്‍ അവസാനിക്കുന്നതോടെ ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ് വിപണികള്‍ ശക്തമായി തിരിച്ചുവരുമെന്നും 2026-27 സാമ്പത്തിക വർഷത്തില്‍ മെഡിക്കല്‍ ടൂറിസം മേഖല കൂടുതല്‍ കരുത്ത് നേടുമെന്നുമാണ് ഇന്ത്യൻ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News