ന്യൂഡല്‍ഹി: ഇന്ത്യൻ സായുധ സേനയുടെ ചരിത്രത്തില്‍ നിർണ്ണായക നാഴികക്കല്ല് കുറിച്ച് എയർ വൈസ് മാർഷല്‍ ശക്തി ശർമ്മ.
മെഡിക്കല്‍ ഇതര വിഭാഗത്തില്‍ (Non-Medical Stream) നിന്ന് എയർ വൈസ് മാർഷല്‍ അഥവാ അതിന് ത തുല്യമായ ടൂ-സ്റ്റാർ (Two-Star) റാങ്കിലെത്തുന്ന ആദ്യ വനിതാ ഓഫീസറാണ് ശക്തി ശർമ്മ. സെപ്റ്റംബർ 1-ന് എയർ ഹെഡ്ക്വാർട്ടേഴ്സില്‍ അസിസ്റ്റൻ്റ് ചീഫ് ഓഫ് ദ എയർ സ്റ്റാഫ് (എഡ്യൂക്കേഷൻ) ആയി അവർ ചുമതലയേറ്റു. കരസേനയിലോ നാവികസേനയിലോ മെഡിക്കല്‍ ഇതര വിഭാഗങ്ങളില്‍ പ്രവർത്തിക്കുന്ന വനിതകള്‍ക്ക് ഇതുവരെ ഈ പദവി ലഭിച്ചിട്ടില്ലെന്നതും ഈ നേട്ടത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
1994 ജൂണ്‍ 18-നാണ് ശക്തി ശർമ്മ ഇന്ത്യൻ വ്യോമസേനയുടെ എഡ്യൂക്കേഷൻ ബ്രാഞ്ചില്‍ സേവനം ആരംഭിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സൈനിക ജീവിതത്തില്‍ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ്, എയർ ഹെഡ്ക്വാർട്ടേഴ്സ് എന്നിവടങ്ങളില്‍ അവർ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായി ഐഐടി കാണ്‍പൂർ, പൂനെ സർവകലാശാല എന്നിവിടങ്ങളില്‍ 'ഐഎഎഫ് ചെയർ ഓഫ് എക്സലൻസ്' സ്ഥാപിക്കാൻ മുൻകൈ എടുത്തത് ഉള്‍പ്പെടെ നിരവധി സ്ഥാപനപരമായ നേട്ടങ്ങള്‍ ശക്തി ശർമ്മയുടെ അക്കൗണ്ടിലുണ്ട്. കൂടാതെ, രാജ്യത്തെ മുപ്പടകളുടെയും ചരിത്രത്തില്‍ ആദ്യമായി ഒരു സൈനിക് സ്കൂളിന് (സൈനിക് സ്കൂള്‍ കപൂർത്തല) നേതൃത്വം നല്‍കിയ ആദ്യ വനിതാ പ്രിൻസിപ്പല്‍ എന്ന നേട്ടവും ഇവർ കരസ്ഥമാക്കിയിരുന്നു.
2010-ലാണ് വ്യോമസേന വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ അനുവദിക്കുന്നത്. കരസേനയിലും നാവികസേനയിലും ഇളവുകള്‍ മുൻപ് പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും, 2020-ലെ സുപ്രീം കോടതി വിധിയെത്തുടർന്നാണ് കൂടുതല്‍ ശാഖകളിലേക്ക് ഇത് വ്യാപിപ്പിച്ചത്. ഉയർന്ന റാങ്കുകളില്‍ പരിമിതമായ ഒഴിവുകള്‍ മാത്രം നിലനില്‍ക്കുന്ന കടുത്ത മത്സര അന്തരീക്ഷത്തിലാണ് ശക്തി ശർമ്മ ഈ ഉന്നത നേട്ടം കൈവരിച്ചത്. സമീപകാലത്ത് വ്യോമസേനയിലെ വനിതാ ഉദ്യോഗസ്ഥർ കൈവരിച്ച നിരവധി ചരിത്രനേട്ടങ്ങളുടെ തുടർച്ചയാണ് ഇത്. 2023-ല്‍ ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമി മുൻനിര പോരാട്ട യൂണിറ്റിന്റെ നേതൃത്വം ഏറ്റെടുത്ത ആദ്യ വനിതയായി മാറിയതും, അടുത്തിടെ സ്‌ക്വാഡ്രണ്‍ ലീഡർ ഭാവന കാന്ത് 'ഫൈറ്റർ കോംബാറ്റ് ലീഡർ' യോഗ്യത നേടിയതും, സ്‌ക്വാഡ്രണ്‍ ലീഡർ സാനിയ 'കാറ്റഗറി-എ ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്ടർ' പദവി നേടിയതും പ്രതിരോധ സേനയില്‍ വനിതകളുടെ വളർച്ച അടയാളപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പുകളാണ്. ശക്തി ശർമ്മയുടെ ഈ ഉയർച്ച ഇന്ത്യൻ സായുധ സേനയിലെ വനിതാ മുന്നേറ്റത്തില്‍ പുതിയൊരു അധ്യായം കുറിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

