Dailyhunt
ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവര്‍ണറെ കണ്ട് വിജയ്, പിന്തുണയുമായി കോണ്‍ഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവര്‍ണറെ കണ്ട് വിജയ്, പിന്തുണയുമായി കോണ്‍ഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

Brave India News 1 week ago

മിഴ്നാട് രാഷ്ട്രീയത്തില്‍ അവിശ്വസനീയമായ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.

ചെന്നൈയില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ച വിജയ്, ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ പിന്തുണയുണ്ടെന്ന് ഗവർണറെ അറിയിച്ചു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയതോടെയാണ് ദളപതിയുടെ രാഷ്ട്രീയ പ്രവേശം ഭരണസിംഹാസനത്തിലേക്കുള്ള വഴിതുറന്നത്.

234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. നിലവില്‍ ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കൂടി വിജയിക്ക് ആവശ്യമാണ്. ഇതിനിടെ നിർണ്ണായക നീക്കവുമായി കോണ്‍ഗ്രസ് വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മതേതര സർക്കാർ രൂപീകരിക്കുന്നതിനായി വിജയിയെ പിന്തുണയ്ക്കാൻ ഹൈക്കമാൻഡ് തമിഴ്നാട് ഘടകത്തിന് പൂർണ്ണ സ്വാതന്ത്ര്യം നല്‍കുകയായിരുന്നു. ഭരണഘടനയില്‍ വിശ്വസിക്കാത്ത വർഗീയ ശക്തികളെ മാറ്റിനിർത്തണമെന്ന നിബന്ധനയോടെയാണ് കോണ്‍ഗ്രസ് പിന്തുണ.

വിജയിയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഇൻഡി മുന്നണിയില്‍ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. തങ്ങളെ വഞ്ചിച്ചുകൊണ്ട് കോണ്‍ഗ്രസ് വിജയിക്കൊപ്പം ചേർന്നത് തമിഴ് ജനതയോടുള്ള ചതിയാണെന്ന് ഡിഎംകെ ആരോപിച്ചു. കേവലം രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസ് ആത്മഹത്യ ചെയ്യുകയാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പരിഹസിച്ചു. സഖ്യകക്ഷിയായ ഡിഎംകെയെ ചതിച്ച കോണ്‍ഗ്രസ് നാളെ സമാജ്‌വാദി പാർട്ടിയെയും ചതിക്കുമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. ഇതോടെ ഇൻഡി മുന്നണിയുടെ അന്ത്യം കുറിച്ചുവെന്നും ബിജെപി പരിഹസിച്ചു. രണ്ട് സീറ്റുകള്‍ നേടിയ വിസികെ (VCK) നിലവില്‍ ആഭ്യന്തര ചർച്ചകള്‍ നടത്തി വരികയാണ്. ഇവർ കൂടി പിന്തുണ നല്‍കിയാല്‍ വിജയിക്ക് ഭൂരിപക്ഷം എളുപ്പമാകും.

തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്. ബിജെപി, ഡിഎംഡികെ, എഎംഎംകെ എന്നിവർക്ക് ഓരോ സീറ്റുകള്‍ വീതം ലഭിച്ചു. കൊളത്തൂർ മണ്ഡലത്തില്‍ ടിവികെ സ്ഥാനാർത്ഥി വി.എസ് ബാബുവിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ട എം.കെ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. വിജയുടെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് സൂചന. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇനി 'ദളപതി യുഗം' ആരംഭിക്കുകയാണ്. ചെന്നൈയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും ടിവികെ ഓഫീസുകളിലും പ്രവർത്തകർ പടക്കം പൊട്ടിച്ച്‌ ആഘോഷം തുടങ്ങി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News