Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ധര്‍മ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധര്‍മ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Brave India News 4 days ago

ചിത്രകൂടത്തില്‍ ഇരുന്നാല്‍ ഇനിയും അയോദ്ധ്യാവാസികള്‍ കാണാനെത്തുമെന്ന് മനസിലാക്കിയ രാമൻ അവിടെ നിന്ന് യാത്ര തിരിച്ചു..

അത്രിമുനിയുടെ ആശ്രമം സന്ദർശിച്ചതിനു ശേഷം ദണ്ഡകാരണ്യത്തിലേക്ക് കടന്നു ..

പെട്ടെന്നാണ് ഒരു ഭീകര സത്വം തങ്ങള്‍ക്ക് നേരെ ഓടി വരുന്നത് രാമ ലക്ഷ്മണന്മാർ കണ്ടത് .. സീത പേടിച്ചു നിലവിളിച്ചു.. വിരാധനെന്ന രാക്ഷസനായിരുന്നു അത് .

ജീവൻ വേണമെങ്കില്‍ കൂടെയുള്ള സുന്ദരിയായ പെണ്ണിനെ അവിടെ നിർത്തി ഓടി രക്ഷപ്പെട്ടോളാനായിരുന്നു രാമലക്ഷ്മണന്മാരോട് വിരാധന്റെ നിർദ്ദേശം ..

രാമനൊന്ന് ചിരിച്ചു.. ലക്ഷ്മണനെ നോക്കി .. കാര്യം മനസ്സിലായി സൗമിത്രി വിരാധനു നേരേ അമ്പു തൊടുത്തു.

കൃശഗാത്രരായ രണ്ട് മനുഷ്യർക്ക് ഇത്ര ധൈര്യമോ ? വിരാധന് കോപം കൊണ്ട് കണ്ണു കാണാതായി .

രാമലക്ഷ്മണന്മാർക്ക് നേരേ പാഞ്ഞടുത്തു.. രണ്ടു ശരങ്ങള്‍ കൊണ്ട് രാമൻ വിരാധന്റെ രണ്ടു കയ്യും ഛേദിച്ചു ..

എന്നിട്ടും പതറാതെ വായും പിളർന്നു പാഞ്ഞു വന്നു.. രണ്ടമ്പുകള്‍ കൊണ്ട് കാലും മുറിച്ചു .. എന്നിട്ടും അടങ്ങാത്ത രാക്ഷസനെ അർദ്ധചന്ദ്രാകാരമായ അമ്പുകൊണ്ട് രാമൻ തലയരിഞ്ഞു ..

മൃതനായ വിരാധനില്‍ നിന്ന് പ്രഭയോടെ ഒരു രൂപം പൊങ്ങിവന്നു… തുംബുരുവെന്ന ഗന്ധർവൻ മുനി ശാപത്താല്‍ രാക്ഷനായതാണ് ..

ശ്രീരാമ ശരമേറ്റ് മരിക്കുമ്പോള്‍ ശാപമോക്ഷം ലഭിക്കുമെന്നായിരുന്നു മുനി പറഞ്ഞിരുന്നത്..ശ്രീരാമനെ സ്തുതിച്ച്‌ ഗന്ധർവൻ യാത്രയായി.

രാമലക്ഷ്മണന്മാരും സീതയും വീണ്ടും യാത്ര തുടർന്നു . ശരംഭംഗ മുനിയുടെ ആശ്രമം സുതീഷ്ണാശ്രമം , അഗസ്ത്യാശ്രമം എന്നിവ പിന്നിട്ടു. മുനിമാരുടെ നിർദ്ദേശ പ്രകാരം പഞ്ചവടിയില്‍ താമസിക്കാൻ തീരുമാനിച്ചു..

പോകുന്ന വഴിക്ക് ദശരഥന്റെ പഴയ സുഹൃത്തായ പക്ഷിശ്രേഷ്ഠൻ ജടായുവിനേയും കണ്ടു.. പഞ്ചവടിക്ക് അടുത്തു തന്നെ തങ്ങള്‍ക്ക് കൂട്ടായിരിക്കണമെന്ന് രാമൻ നിർദ്ദേശിച്ചു. ജടായു സന്തോഷത്തോടെ സമ്മതിച്ചു.

പഞ്ചവടിയില്‍ ലക്ഷ്മണൻ മനോഹരമായ പർണശാല കെട്ടി . താമസിക്കാനുള്ള സൗകര്യങ്ങളും ചെയ്തു. ഗോദാവരിക്ക് സമീപം കാനന ഭംഗികള്‍ ആസ്വദിച്ച്‌ രാമ ലക്ഷ്മണന്മാരും സീതയും സസുഖം ജീവിച്ചു..

രാമ ഭക്തിയോടെ കൊട്ടാരത്തിനു വെളിയില്‍ താമസിക്കുന്ന ഭരതനേയും ശത്രുഘ്നനേയും അവരോർത്തു . മക്കളാരും അടുത്തില്ലാതെ കഴിയുന്ന അമ്മമാരെക്കുറിച്ച്‌ ആകുലപ്പെട്ടു. സഹോദര പത്നിമാരെപ്പറ്റി ചിന്തിച്ചു.. എന്നൊരുമിച്ച്‌ കൂടുമെന്നാലോചിച്ച്‌ മൂവരും നെടുവീർപ്പിട്ടു..

ദണ്ഡകാരണ്യത്തിലൂടെ കറങ്ങി നടന്നിരുന്ന ഒരു രാക്ഷസി അപ്പോഴവിടെയെത്തി. മനോമോഹനമായ ശ്രീരാമ രൂപം കണ്ട് മോഹിച്ച്‌ സുന്ദര വേഷം പൂണ്ട് അവള്‍ രാമന്റെ അടുത്തെത്തി..

സുന്ദരന്മാരായ നിങ്ങളാരാണ് .. കൂടെയുള്ള പെണ്ണേത് . ഇവിടെ എന്തു ചെയ്യുന്നു എന്ന് ചോദിച്ചു..

രാമൻ വിവരങ്ങള്‍ പറഞ്ഞു .. നിങ്ങളാരാണെന്ന് നിശാചരിയോട് ചോദിച്ചു ..

രാവണ സഹോദരി ശൂർപ്പണഖ , ഇവിടെ അടുത്ത് സഹോദരന്മാരായ ഖരനും ദൂഷണനും ത്രിശിരസ്സിനുമൊപ്പം താമസിക്കുന്നുവെന്ന് രാക്ഷസി മറുപടിയും കൊടുത്തു..

ഭവതിക്ക് ഞങ്ങളെന്ത് ചെയ്യേണ്ടു എന്ന് രാമൻ ..

ഈ വിരൂപയായ പെണ്ണിനെ കളഞ്ഞ് എന്നെ വിവാഹം കഴിക്കൂ എന്ന് ശൂർപ്പണഖ..

എനിക്ക് പറ്റില്ല അവനോട് ചോദിക്കൂ എന്ന് രാമൻ തമാശ പറഞ്ഞു. അവള്‍ ലക്ഷ്മണനടുത്തെത്തി. .ലക്ഷ്മണൻ പറ്റില്ല എന്ന് പറഞ്ഞു.

അവിടെയും ഇവിടെയും ചോദിച്ച്‌ ദേഷ്യം പിടിച്ച നിശാചരി സ്വന്തം രൂപം കാട്ടി .. സീതയെ തിന്നാനടുത്തു..

ഓടിവന്ന ലക്ഷ്മണൻ ശൂർപ്പണഖയ്ക്ക് നേരേ വാളോങ്ങി .. അംഗഭംഗം വന്ന നിശാചരി അലറിക്കൊണ്ട് ഓടിപ്പോയി ..

പടയുമായി രാവണനിപ്പോ വരുമെന്ന് രാമൻ ലക്ഷ്മണനോട് പറഞ്ഞു .. ആയുധങ്ങളെടുത്തു വെക്കാൻ നിർദ്ദേശവും കൊടുത്തു..

ഓടിപ്പോയ ശൂർപ്പണഖ സഹോദരനായ ഖരനു മുന്നില്‍ ആർത്തലച്ചു വീണു ..

സഹോദരിയുടെ അവസ്ഥ കണ്ട് ഖരൻ കോപാക്രാന്തനായി

ആരാണ് നിന്നെ ഇങ്ങനെ ചെയ്തത് ? ഖരൻ അലറി

പഞ്ചവടിയില്‍ താമസിക്കുന്ന രണ്ട് താപസന്മാർ. രാമനും ലക്ഷ്മണനും, അവർക്കൊപ്പം സുന്ദരിയായ ഒരു പെണ്ണുമുണ്ട്. സീത. രാമൻ പറഞ്ഞിട്ട് ലക്ഷ്മണനാണെന്നെ ഇങ്ങനെ ചെയ്തത്

ശൂർപ്പണഖ അലറിക്കരഞ്ഞു.

സഹോദരിയുടെ കരച്ചില്‍ കേട്ട് ഖരന് കോപം കൊണ്ട് കണ്ണു കാണാതായി .

പറയ് നിനക്കെന്തു വേണം .. ഖരൻ ചോദിച്ചു

അവരെ കൊന്ന് രക്തം കുടിക്കണം .. നീയതെനിക്ക് ചെയ്തു തരണം .. ശൂർപ്പണഖ മനസ്സു തുറന്നു ..

ശരി ആരവിടെ .. ആ മനുഷ്യാധമന്മാരെ കൊന്ന് അവരുടെ കൂടെയുള്ള സുന്ദരിയെ എന്റെയടുക്കല്‍ എത്തിക്കൂ . പതിനാലു രാക്ഷസർ പോകട്ടെ .. നീയും പോ അവർക്കൊപ്പം .. അവന്മാരെ കാണിച്ചു കൊടുക്ക്..

കണ്ണീർ തുടച്ച്‌ ശൂർപ്പണഖ നടന്നു . പഞ്ചവടിയിലേക്ക് .. കൂടെ പതിനാല് ഉഗ്രന്മാരായ രാക്ഷസന്മാരും.

രാക്ഷസന്മാർ വരുമെന്ന് അറിയാമായിരുന്ന രാമൻ നേരത്തെ തന്നെ യുദ്ധ സന്നദ്ധനായി നിലകൊണ്ടിരുന്നു. സീതയെ ലക്ഷ്മണനൊന്നിച്ച്‌ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

പതിനാലു പേർ വന്ന് രാമനോടേറ്റു.. പതിനാലമ്പു കൊണ്ട് എല്ലാവരുടേയും കഥ കഴിച്ചു..

ശൂർപ്പണഖ വീണ്ടും പേടിച്ച്‌ ഒറ്റയോട്ടം വച്ചു കൊടുത്തു .. ഖരനു മുന്നില്‍ ചെന്ന് വീണ് അലറിക്കരഞ്ഞു ..

ഖരനൊന്നും മനസ്സിലായില്ല .. എവിടെ ധീരന്മാരായ രാക്ഷസ ശ്രേഷ്ഠന്മാർ .. ആ മനുഷ്യരുടെ തലയെവിടെ ..

രാമനവരെ തെക്കോട്ടയച്ചെന്ന് ശൂർപ്പണഖ..

ഖരൻ കലിതുള്ളി ..പോരട്ടെ നിശാചരർ പതിനാലായിരമെന്ന് ഉത്തരവിട്ടു .. അനുജന്മാരായ ദൂഷണനോടും ത്രിശിരസിനോടും കൂടെ വരാൻ പറഞ്ഞു.

മൂവരും പെരുമ്പടയും പഞ്ചവടി ലക്ഷ്യമാക്കി പാഞ്ഞു..

രാക്ഷസർ നോക്കിയപ്പോള്‍ ഒരു പീറ മനുഷ്യൻ . മരവുരി ധരിച്ചിട്ടുണ്ട് . കയ്യിലുള്ള വില്ലും ആവനാഴിയുമാണ് ആകെ അലങ്കാരം ..

അയ്യേ ഇവനാണോ രാമനെന്ന് ഖരനും അനുജന്മാരും പരസ്പരം നോക്കിപ്പറഞ്ഞു ..

രാക്ഷസന്മാർ സകല ആയുധങ്ങളുമെടുത്ത് രാമനു നേരേ യുദ്ധത്തിനെത്തി ..

പിന്നെ അവിടെ ശ്രീരാമ ചാപത്തിന്റെ ഞാണൊലിമുഴക്കങ്ങളും രാക്ഷസന്മാരുടെ കരച്ചിലും മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ ..

ധർമ്മമൂർത്തിയുടെ ജ്വലിക്കുന്ന രൂപം രാക്ഷസമദ്ധ്യത്തില്‍ ഉജ്ജ്വല പ്രഭയോടെ ഉയർന്നു ശോഭിച്ചു ..

രാമൻ അമ്പെടുക്കുന്നതും തൊടുക്കുന്നതുമൊന്നും കാണാൻ കഴിയാതെ രാമബാണങ്ങളേറ്റ് രാക്ഷസ പ്രവരർ കാലപുരിയിലേക്ക് ഘോഷയാത്രയായി .

ഇതു കണ്ട് ചാടിയെത്തി ദൂഷണൻ .. തേരും കുതിരകളും സാരഥിയും രാമബാണത്താല്‍ പൊടിപൊടിഞ്ഞു..

ദൂഷണൻ മണ്ണിലിറങ്ങി ഭീമാകാരമായ ഇരുമ്പുലക്കയുമായി രാമനു നേർക്കെത്തി . കൈ അറുത്തിട്ട രാമൻ ഉലക്കയെടുത്ത് ദൂഷണന്റെ തലയില്‍ പ്രയോഗിച്ചു.. തല പൊട്ടിത്തകർന്ന് ദൂഷണൻ തെക്കോട്ട് യാത്രയായി.

അനുജൻ വീണതു കണ്ട് ക്രോധത്തോടെ ത്രിശിരസ് പാഞ്ഞെത്തി..

മൂന്നമ്പ് രാമനു നേർക്കെയ്തു .. രാമൻ മൂന്നും മുറിച്ചു കളഞ്ഞ് മൂന്നെണ്ണം തിരിച്ചു പ്രയോഗിച്ചു .. അവനത് തടഞ്ഞ് നൂറെണ്ണം തിരിച്ച്‌ രാമനു നേർക്ക് എയ്തു..

അചഞ്ചലനായി സീതാപതി അവയും മുറിച്ച്‌ ആയിരം ബാണം അങ്ങോട്ട് പ്രയോഗിച്ചു . വീരനായ ത്രിശിരസ് അവയെല്ലാം ഖണ്ഡിച്ച്‌ രാമനു നേരേ പതിനായിരമെയ്തു.. അവയെല്ലാം മുറിച്ച്‌ ചന്ദ്രക്കലയുടെ രൂപമുള്ള മൂന്ന് ബാണമെയ്ത് ത്രിശിരസ്സിന്റെ മൂന്നു തലയും മുറിച്ചു കളഞ്ഞു.

ക്രുദ്ധനായ ഖരൻ പ്രകാശവേഗമായ രഥവുമായി ശ്രീരാമനു നേർക്കടുത്തു. ഇരുവരും മഴപോലെ ബാണങ്ങള്‍ വർഷിച്ചു. ഭൂമിയും ആകാശവും കാണാത്ത രീതിയില്‍ ബാണങ്ങള്‍ നിറഞ്ഞു..

രാമന്റെ ആവനാഴി ഖരനെയ്തു മുറിച്ചു .. രാമന്റെ ശരീരത്തിലും അമ്പുകളേറ്റു. യുദ്ധം കണ്ടു നിന്ന യക്ഷ കിന്നര ഗന്ധർവന്മാരും ദേവകളും മുനിമാരും വിഷമത്തിലായി.

അഗസ്ത്യമുനി നല്‍കിയ ഇന്ദ്രദത്തമായ തൂണീരവും വൈഷ്ണവ ചാപവും ശ്രീരാമന്റെ കയ്യില്‍ പ്രത്യക്ഷപ്പെട്ടു.

അരനിമിഷം കൊണ്ട് ഖരന്റെ പടച്ചട്ട തകർത്തു ,
വില്ലും മുറിച്ചു രാമബാണം, അടുത്ത നിമിഷത്തില്‍ ഖരന്റെ തേരും കുതിരകളും സാരഥിയും തകർന്നടിഞ്ഞു.

ഗദയെടുത്ത് ഖരൻ ചാടിയപ്പോള്‍ രാമനതും തകർത്തെറിഞ്ഞു .. പെട്ടെന്ന് മറ്റൊരു തേരില്‍ ചാടിക്കയറി പരാക്രമിയായ ഖരൻ ദിവ്യാസ്ത്രമെയ്ത് രാമനോടേറ്റു..

ഖരൻ ആഗ്നേയം പ്രയോഗിച്ചു ,രാമൻ വാരുണം കൊണ്ട് തടുത്തു. കൗബേരത്തെ ഐന്ദ്രാസ്ത്രം കൊണ്ടും നൈരൃതത്തെ യാമ്യാസ്ത്രം കൊണ്ടും തകർത്തു..

ഉടൻ അവൻ ഗാന്ധർവമയച്ചു . രാഘവനത് ഗൗഹ്യകം കൊണ്ട് തടുത്തു. എങ്കില്‍ പിടിച്ചോളൂ ആസുരമെന്ന് ഖരൻ ..ദൈവാസ്ത്രം കൊണ്ട് രാമനതും തടുത്തു.. ഐഷികം പ്രയോഗിച്ചത് വൈഷ്ണവം കൊണ്ട് കളഞ്ഞു ..

മൂന്നമ്പു കൊണ്ട് ഖരന്റെ തേരും കുതിരകളും സാരഥിയും ഇല്ലാതാക്കി രാമൻ ..

വലിയൊരു ശൂലവുമായി ഖരൻ ക്രോധാവേശത്താല്‍ രാമന്റെ നേർക്കടുത്തു ..

ഇന്ദ്ര ദൈവതമെന്ന അസ്ത്രം ആവനാഴിയില്‍ നിന്നെടുത്ത് തൊടുത്ത് വലിച്ചു വിട്ടു രാമൻ

അഗ്നിയെപ്പോല്‍ ജ്വലിച്ച്‌ രാമബാണം ഖരനു നേർക്ക് പാഞ്ഞെത്തി… ഖരന്റെ ശിരസ്സ് കഴുത്തില്‍ നിന്നും വേർപെട്ട് ലങ്കയുടെ വടക്ക് ചെന്നു വീണു ..അസ്ത്രം ആവനാഴിയില്‍ തിരിച്ചെത്തി..

മൂന്നേമുക്കാല്‍ നാഴിക നീണ്ട ഘോരയുദ്ധം അങ്ങനെ അവസാനിച്ചു..

അപ്പോള്‍ ഗോപുര ദ്വാരത്ത് വീണ തലയാരുടേതെന്ന് അന്വേഷിക്കുകയായിരുന്നു ലങ്കാവാസികള്‍.. !

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News