തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാർത്തയെ പൂർണ്ണമായും തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ. വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് തങ്ങളുടെ 49 ശതമാനം ഓഹരികള്‍ ആഗോള കപ്പല്‍ ഗതാഗത ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറുന്ന നീക്കത്തെ പ്രകീർത്തിച്ച് ദേശാഭിമാനിയില്‍ വാർത്ത വന്നത് കടുത്ത തെറ്റാണെന്നും അത്തരമൊരു റിപ്പോർട്ട് പാർട്ടി പത്രത്തില്‍ വരാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭാവിയില്‍ വരാൻ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുന്നതില്‍ പത്രത്തിന് വീഴ്ച പറ്റി. ഈ വാർത്തയെ സി.പി.എം ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും ഇനിമുതല്‍ പാർട്ടി പത്രത്തിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദാനി ഗ്രൂപ്പ് ഔദ്യോഗികമായി ജൂണ്‍ മുപ്പതിനാണ് ഓഹരി വില്‍പന വിവരം പുറത്തുവിട്ടതെങ്കിലും, അതിനു മുൻപ് തന്നെ ജൂണ്‍ അഞ്ചിന്റെ ദേശാഭിമാനി തിരുവനന്തപുരം എഡിഷനില്‍ ഈ നീക്കത്തെ എല്‍.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമായി ചിത്രീകരിച്ച് വാർത്ത നല്‍കിയിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് പാർട്ടി സെക്രട്ടറി പത്രത്തെ പരസ്യമായി തള്ളി രംഗത്തെത്തിയത്.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനമാണ് എം.വി. ഗോവിന്ദൻ ഉന്നയിച്ചത്. ഓഹരി വില്‍പനയെക്കുറിച്ച് ദേശാഭിമാനിയിലാണ് ആദ്യം വാർത്ത വന്നതെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദം പച്ചക്കള്ളമാണെന്ന് അദ്ദേഹം ആരോപിച്ചു. ജൂണ്‍ ഒന്നിന് ഇക്കണോമിക് ടൈംസിലും ജൂണ്‍ മൂന്നിന് മാതൃഭൂമിയിലുമാണ് ഈ വാർത്ത ആദ്യം വന്നത്, അതിന് ശേഷമാണ് ജൂണ്‍ അഞ്ചിന് ദേശാഭിമാനിയില്‍ വരുന്നത്. പത്രങ്ങളെല്ലാം വാർത്ത നല്‍കിയ ശേഷമാണ് പാർട്ടി പത്രത്തിലും അത് വന്നത്. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ദേശാഭിമാനിയെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ കൃത്യമായ വിവരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുൻകാല മംഗലാപുരം യാത്രകള്‍ ഈ വലിയ ബിസിനസ്സ് ഇടപാടുകളുടെ ഭാഗമായിരുന്നുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. അദാനി ഗ്രൂപ്പുമായി സി.പി.എമ്മിന് യാതൊരുവിധ ഡീലുകളുമില്ല. സംസ്ഥാനത്തിന്റെ പൊതുമുതല്‍ സ്വകാര്യ കമ്പനികള്‍ക്ക് അടിയറവ് വെക്കുന്ന കുത്തകവല്‍ക്കരണ നീക്കങ്ങളെയാണ് ഇടതുപക്ഷം എപ്പോഴും എതിർക്കുന്നത് എന്നും എം വി ഗോവിന്ദൻ സൂചിപ്പിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ വിജയകരമായ നിർമ്മാണ വേഗതയാണ് അന്താരാഷ്ട്ര കമ്പനികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. എന്നാല്‍ തുറമുഖം ഒരു പ്രത്യേക കപ്പല്‍ കമ്പനിയുടെ മാത്രം കുത്തകയായി മാറിയാല്‍ അത് സംസ്ഥാനത്തിന്റെ വരുമാനത്തെയും മത്സരസാധ്യതകളെയും ദോഷകരമായി ബാധിക്കും. വിവിധ കമ്പനികളുടെ കപ്പലുകള്‍ എത്തുന്നതാണ് നാടിന് ലാഭകരം. നിലവിലെ കണ്‍സെഷൻ കരാർ പ്രകാരം 25 ശതമാനത്തിലധികം ഓഹരികള്‍ കൈമാറണമെങ്കില്‍ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഈ വ്യവസ്ഥകള്‍ മറികടന്നാണ് അദാനി ഗ്രൂപ്പ് സെബിയെ സമീപിച്ച് 49 ശതമാനം ഓഹരികള്‍ വില്‍ക്കാൻ നീക്കം നടത്തുന്നത്. ഇത് കരാറിന്റെ ലംഘനമാണ്. കോർപ്പറേറ്റുകള്‍ക്ക് വേണ്ടി നാട് ഭരിക്കുന്ന നേതാവായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും, അദാനിക്കെതിരെ ദേശീയതലത്തില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും കേരളത്തിലെ മുഖ്യമന്ത്രിയുടെ ഈ അദാനി അനുകൂല നിലപാടില്‍ മറുപടി പറയണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും യഥാർത്ഥ രാഷ്ട്രീയ നിലപാട് എന്താണെന്ന് ജനങ്ങളോട് വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

