ഐ.പി.എല്‍ 2026 സീസണില്‍ ഇതിഹാസ താരം എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ മങ്ങുന്നു.
ചെന്നൈയുടെ മുൻ താരം കൂടിയായ ആർ. അശ്വിനാണ് ധോണിയുടെ മടങ്ങിവരവിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് നേരിട്ട പേശീവലിച്ചില്‍ കാരണം ഈ സീസണില്‍ ഒരു മത്സരം പോലും ധോണി കളിച്ചിട്ടില്ല.
ധോണിയുടെ അഭാവത്തിലും ടീം ഇപ്പോള്‍ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തില്‍ അശ്വിന്റെ നിരീക്ഷണങ്ങള്‍ ഏറെ ചർച്ചയാകുകയാണ്. ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചാല്‍ മാത്രമേ ഇനി ധോണി മൈതാനത്ത് ഇറങ്ങാൻ സാധ്യതയുള്ളൂ എന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
'ധോണി തിരിച്ചെത്തിയാല്‍ ടീമിന്റെ നിലവിലെ ബാലൻസ് മാറും. അത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം മടങ്ങിവരാനുള്ള സാധ്യത വളരെ കുറവാണ്. അടുത്ത മൂന്ന് കളികളില്‍ രണ്ടെണ്ണം ചെന്നൈ തോറ്റാല്‍ ഒരുപക്ഷേ ചെന്നൈയില്‍ വെച്ച് അദ്ദേഹത്തിന് ഒരു വിടവാങ്ങല്‍ മത്സരം നല്‍കിയേക്കാം,' അശ്വിൻ വ്യക്തമാക്കി.
സീസണിന്റെ തുടക്കത്തില്‍ ധോണിയുടെ അഭാവം ചെന്നൈയെ വല്ലാതെ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ടീം താളം കണ്ടെത്തിയിരിക്കുകയാണ്. ടീമിന്റെ ബാറ്റിംഗ് നിര കൂടുതല്‍ കരുത്തായി. സഞ്ജു സാംസണ്‍ മധ്യ ഓവറുകളില്‍ നടത്തുന്ന പ്രകടനങ്ങള്‍ ടീമിന് വലിയ മുതല്‍ക്കൂട്ടാണ്. നിലവിലെ ടീം കോമ്പിനേഷൻ മാറ്റുന്നത് ടീമിന്റെ താളം തെറ്റിക്കുമെന്ന് അശ്വിൻ കരുതുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ചെന്നൈ ആറാം സ്ഥാനത്താണ്. രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ടീമുകളുമായി വെറും രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണ് ചെന്നൈയ്ക്കുള്ളത്.

