തന്നെ നിരന്തരം വേട്ടയാടുന്ന മാധ്യമങ്ങള്‍ക്കും ഹോളിവുഡ് സെലിബ്രിറ്റികള്‍ക്കും എഐ സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ച് നല്‍കിയ വിചിത്രമായ ഒരു വീഡിയോയിലൂടെ മറുപടി നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തന്നെ വെറുക്കുന്ന വിമർശകരെ കടുത്ത മാനസിക രോഗികളായും, അവരെ ചികിത്സിക്കുന്ന ഒരു വിദ്ഗ്ദ്ധ ഡോക്ടറായും താൻ വേഷമിട്ട മാസ്മരികമായ ഒരു എഐ വീഡിയോയാണ് ട്രംപ് പുറത്തുവിട്ടത്.
ട്രംപിന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലില്‍' ആദ്യം പ്രത്യക്ഷപ്പെട്ട ഈ വീഡിയോ, പിന്നീട് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാൻ സ്കാവിനോ ജൂനിയർ എക്‌സ് പ്ലാറ്റ്‌ഫോമിലും പങ്കുവെച്ചതോടെ ആഗോളതലത്തില്‍ തരംഗമായി മാറി. തങ്ങളെ രാഷ്ട്രീയമായി എതിർക്കുന്നവർക്ക് 'ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം' എന്ന മാരക രോഗം ബാധിച്ചിട്ടുണ്ടെന്ന് ട്രംപും അനുയായികളും മുൻപും ആക്ഷേപിക്കാറുണ്ട്. ഈ പ്രയോഗത്തെ മുൻനിർത്തി ഒരു ടെലിവിഷൻ മെഡിക്കല്‍ പരസ്യത്തിന്റെ മാതൃകയിലാണ് പുതിയ വീഡിയോ ഡിസൈൻ ചെയ്തിരിക്കുന്നത്.
'ഡൊണാള്‍ഡ് ജെ ട്രംപ്, എംഡി' എന്ന് പോക്കറ്റില്‍ രേഖപ്പെടുത്തിയ വെള്ള ലാബ് കോട്ടും കഴുത്തില്‍ സ്റ്റെതസ്കോപ്പും ധരിച്ചാണ് 'ഡോക്ടർ ട്രംപ്' വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയില്‍ അദ്ദേഹം പ്രേക്ഷകരോട് പറയുന്നത് ഇങ്ങനെ: 'നിങ്ങള്‍ക്കോ നിങ്ങള്‍ക്കറിയാവുന്ന ആർക്കെങ്കിലുമോ ടിഡിഎസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ? അതിന്റെ ലക്ഷണങ്ങള്‍ അത്രമേല്‍ കഠിനമായിരിക്കാം. എന്നാല്‍ ഭാഗ്യവശാല്‍, ഞാൻ ഡോക്ടർ ട്രംപാണ്, എന്റെ പക്കല്‍ അതിനുള്ള കൃത്യമായ ചികിത്സാ പദ്ധതിയുണ്ട്.'
ട്രംപിനെതിരെ കടുത്ത രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഹോളിവുഡിലെ വമ്പൻ താരങ്ങളായ റോബർട്ട് ഡി നീറോ, വൂപ്പി ഗോള്‍ഡ്ബെർഗ്, റോസി ഒഡൊണല്‍, ജൂലിയ റോബർട്ട്സ്, എഡ്വേർഡ് നോർട്ടണ്‍, ജോണ്‍ ലെഗുയിസാമോ എന്നിവരെയാണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ വീഡിയോയില്‍ കടുത്ത രോഗികളായി ചിത്രീകരിച്ചിരിക്കുന്നത്. അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട്, 'ഇവരില്‍ ചിലരെയൊക്കെ ചികിത്സിച്ചു മാറ്റാൻ കഴിയുമോ എന്ന് എനിക്ക് ഒട്ടും ഉറപ്പില്ലായിരുന്നു, കാരണം അവരുടെ അവസ്ഥ അത്രത്തോളം വഷളായിരുന്നു' എന്നും ട്രംപ് വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്.
തന്റെ കടുത്ത വിമർശകരായ രോഗികള്‍ക്ക് രോഗമുക്തി നേടാനായി മൂന്ന് പ്രധാന ചികിത്സാവിധികളാണ് ഡോക്ടർ ട്രംപ് മുന്നോട്ട് വെക്കുന്നത്:
*വ്യാജ വാർത്തകള്‍ കാണുന്നത് നിർത്തുക : നിങ്ങളെ നിരന്തരം വേട്ടയാടുന്ന മാധ്യമങ്ങളുടെ വാർത്തകള്‍ പൂർണ്ണമായും ഒഴിവാക്കുക.
*പ്രാർഥിക്കുക : ദൈവത്തില്‍ അഭയം കണ്ടെത്തുക.
*ഡയറ്റ് കോക്ക് കുടിക്കുക : ജീവിതത്തില്‍ എപ്പോഴെങ്കിലും കടുത്ത ഉത്കണ്ഠയോ ഭയമോ തോന്നുകയാണെങ്കില്‍ തനിക്കൊപ്പം ഇരുന്ന് ഒരു ഡയറ്റ് കോക്ക് കുടിച്ച് ആശ്വസിക്കുക.
ഡൊണാള്‍ഡ് ട്രംപ് തന്റെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കായി എഐ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. മുൻപ് രോഗികളെ സുഖപ്പെടുത്തുന്ന യേശുക്രിസ്തുവായി തന്നെ ചിത്രീകരിക്കുന്ന എഐ ചിത്രം ട്രംപ് പങ്കുവെച്ചത് ലോകമെമ്പാടും വലിയ മതപരമായ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ താൻ യേശുക്രിസ്തുവായല്ല, മറിച്ച് ഒരു ഡോക്ടറായാണ് ആ ചിത്രത്തിലും വേഷമിട്ടതെന്നായിരുന്നു അന്ന് ട്രംപ് നല്‍കിയ തഗ്ഗ് വിശദീകരണം..

