ടെഹ്റാൻ : ഇറാന് നേരെ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക താവളത്തിന് നേരെയാണ് യുഎസ് സെൻട്രല്‍ കമാൻഡ് പുതിയ പ്രതിരോധ ആക്രമണം നടത്തിയത്.
തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. ഏപ്രില്‍ ആദ്യം ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിർത്തല്‍ കരാർ ഇതോടെ പൂർണ്ണമായും തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച നാല് കപ്പലുകള്‍ക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്തതാണ് പുതിയ സംഘർഷങ്ങള്‍ക്ക് കാരണമായത്. തുടർന്ന് ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന ഇറാന്റെ 4 ചാവേർ ഡ്രോണുകള്‍ യുഎസ് വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിട്ടു. തൊട്ടുപിന്നാലെ അഞ്ചാമതൊരു ഡ്രോണ്‍ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന ദക്ഷിണ ഇറാന്റെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഇറാന്റെ ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷൻ അമേരിക്കൻ മിസൈലുകള്‍ തകർത്തു.
നടപടികള്‍ പൂർണ്ണമായും പ്രതിരോധപരവും മേഖലയിലെ സമാധാനം നിലനിർത്താൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. കപ്പല്‍ ഗതാഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ല എന്നും യുഎസ് അറിയിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും വിട്ടുകൊടുക്കില്ലെന്നും, ഒത്തുതീർപ്പിന് ഇറാൻ തയ്യാറായില്ലെങ്കില്‍ സൈനിക നടപടികളിലൂടെ 'ബാക്കി ജോലി കൂടി പൂർത്തിയാക്കുമെന്നും' ട്രംപ് മുന്നറിയിപ്പ് നല്‍കി.

