തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ് ഒളിവില്‍ പോയ സിപിഎം പാളയം ലോക്കല്‍ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌണ്‍സിലറുമായ ഐപി ബിനു പോലീസിനു മുൻപില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി.
'പിടിച്ചതല്ല, പിടി കൊടുത്തതാണ്' എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ട ശേഷമാണ് ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയത്. ഇയാളെ പിന്നീട് നന്ദാവനം എ.ആർ ക്യാമ്പിലേക്ക് മാറ്റി. റെയ്ഡ് വാർത്ത പുറത്തുവന്നതോടെ പിണറായി വിജയന്റെ വീടിന് മുന്നില്‍ ആദ്യമെത്തി പ്രതിഷേധം നയിച്ചത് ഐ.പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. റെയ്ഡ് കഴിഞ്ഞ് ഇ.ഡി ഉദ്യോഗസ്ഥർ പുറത്തേക്ക് വന്ന് വാഹനത്തില്‍ കയറിയപ്പോള്‍, പോലീസ് ഉദ്യോഗസ്ഥർ നോക്കിനില്‍ക്കെ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടയുകയും ചീമുട്ടയും കല്ലും എറിയുകയുമായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിലും വാഹനത്തിന് നേരെ മുട്ടയെറിയുന്നതിലും ബിനു നേരിട്ട് പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബിനുവിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

