കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ, പാർട്ടിയിലെ വ്യക്തികേന്ദ്രീകൃതമായ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമർശനവുമായി ബിനീഷ് കോടിയേരി.
മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭാവം പാർട്ടിയെ എത്രത്തോളം ബാധിച്ചു എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ബിനീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
'പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം, പക്ഷെ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങള്‍ നികത്താനാവില്ല' എന്ന സഖാക്കളുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ബിനീഷ് പോസ്റ്റ് ആരംഭിക്കുന്നത്. ആധുനിക സമൂഹത്തില്‍ 'ഞാൻ' ആണ് എല്ലാത്തിനും വലുത് എന്ന ചിന്ത ആർക്കും ഭൂഷണമല്ലെന്നും അത് പാർട്ടിക്ക് തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കുറിപ്പിന്റെ പൂർണരൂപം:
'പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല.
ചില നഷ്ടങ്ങള്‍ നികത്താനാവില്ല'. സഖാക്കള്‍ ഇപ്പോള്‍ പങ്കുവെച്ച ഒരു വാചകമാണ്.. 'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തില്‍ ആർക്കും ഭൂഷണമല്ല.
ഇത് പാർട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ല, വ്യക്തികേന്ദ്രീകൃതമായ നിലപാടുകള്‍ക്കെതിരെ ഉള്ളതാണ് , പരമ്പരാഗതമായി പാർട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളില്‍ പോലും വോട്ടുകള്‍ ലഭിക്കാത്തത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകള്‍ തിരുത്തണം എന്ന മനോഭാവത്തോടെയാണ് പാർട്ടി അനുഭാവികള്‍ ഉള്‍പ്പെടെ വോട്ട് ചെയ്തത് എന്നത് കൊണ്ടാണ് . അത് സാഹചര്യത്തിന്റെ വൈകാരികതയാണ്. അതിനെ മാനിക്കണം ; അതാണ് തിരഞ്ഞെടുപ്പ് വിധി കാണിക്കുന്നത്. ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാം ആയി തോറ്റാല്‍ എല്ലാം പോയി എന്നതല്ല കമ്മ്യൂണിസ്റ്റ് പാർട്ടി രീതി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ നിരാശയോ, വിജയിച്ചാല്‍ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകാറില്ല, ഉണ്ടാകാൻ പാടില്ല.
കാരണം, തിരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരവും പോലെ തന്നെയാണ്. കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്, വിനയത്തോടെ ജനവിധി അംഗീകരിച്ച് നമുക്ക് മുന്നോട്ട് പോകാം ; ജനങ്ങള്‍ക്കൊപ്പം നിന്ന് തെറ്റുകള്‍ തിരുത്തി നമ്മള്‍ മുന്നോട്ട് പോകും. ജനങ്ങള്‍ക്കൊപ്പം നിന്ന് നമ്മള്‍ തിരിച്ചു വരും സഖാക്കളെ മുന്നോട്ട്.
അതേസമയം തുടർച്ചയായ പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റോടെ യുഡിഎഫ് അധികാരത്തിലേക്ക്. 2021ല്‍ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ എല്‍ഡിഎഫ് 35-ലേക്ക് കൂപ്പുക്കുത്തി. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ് പിടിച്ച് ബിജെപി കരുത്തറിയിച്ചു. നേമം തിരിച്ച് പിടിച്ച ബിജെപി ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു.

