പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയ്ക്ക് (LeT) കനത്ത തിരിച്ചടി നേരിട്ടതായി തുറന്നുസമ്മതിച്ച് ഭീകരനേതാക്കള്‍.
കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടയില്‍ തങ്ങളുടെ 30-ലധികം പ്രമുഖ സജീവ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് സംഘടന പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ലഷ്കറുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ് നടത്തുന്ന അസാധാരണ വെളിപ്പെടുത്തലുകളുടെ വീഡിയോ ദൃശ്യങ്ങള്‍ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാകിസ്കാനിലെ പ്രമുഖ നഗരങ്ങളിലും പാക് അധിനിവേശ കശ്മീരിലും ലഷ്കർ ഭീകരർ ഒന്നൊന്നായി വധിക്കപ്പെടുന്ന സാഹചര്യത്തില്‍, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഇതിന് പിന്നിലെന്ന് ഹനീഫ് പ്രസംഗത്തില്‍ ആരോപിക്കുന്നു. 'അജ്ഞാത തോക്കുധാരികളെ' (Unknown Gunmen) ഉപയോഗിച്ച് കറാച്ചി, പെഷവാർ, റാവല്‍പിണ്ടി എന്നീ പ്രധാന പാക് നഗരങ്ങളിലും പാക് അധിനിവേശ കശ്മീരിലെ (PoK) മുസാഫറാബാദ്, റാവല്‍ക്കോട്ട് എന്നിവിടങ്ങളിലുമാണ് തങ്ങളുടെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ഏജന്റുമാരുടെ അപ്രതീക്ഷിത ആക്രമണങ്ങള്‍ കാരണം പാക് അധിനിവേശ കശ്മീരില്‍ തങ്ങളുടെ പ്രവർത്തകർക്ക് സ്വസ്ഥമായി ജീവിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് ഹനീഫ് പരിതപിക്കുന്നു. കൊല്ലപ്പെട്ട ഭീകരരെ ന്യായീകരിക്കുന്നതിനായി മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷവും വർഗീയതയും തുപ്പുന്ന പ്രകോപനപരമായ പരാമർശങ്ങളും ഇയാള്‍ പ്രസംഗത്തില്‍ ഉടനീളം നടത്തിയിട്ടുണ്ട്. മതപരമായ കാരണങ്ങളാലാണ് തങ്ങള്‍ ലക്ഷ്യമിടപ്പെടുന്നതെന്ന് വരുത്തിതീർത്ത് സഹതാപം പിടിച്ചുപറ്റാനുള്ള ഭീകരരുടെ തന്ത്രമാണിതെന്ന് വിലയിരുത്തപ്പെടുന്നു. 80-കളുടെ അവസാനത്തില്‍ ഹാഫിസ് മുഹമ്മദ് സയീദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ലഷ്കറെ തൊയ്ബയെ ഇന്ത്യ, അമേരിക്ക, ഐക്യരാഷ്ട്രസഭ എന്നിവർ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. തങ്ങളുടെ മുതിർന്ന നേതാക്കള്‍ ഓരോന്നായി നിഗൂഢ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത് പാകിസ്ഥാനിലെ ഭീകരശൃംഖലകള്‍ക്കിടയില്‍ വലിയ ഭീതി പരത്തിയിട്ടുണ്ട്.

