വാഷിംഗ്ടണ്‍ : ഇറാനെതിരെ കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . അമേരിക്കയുടെ ഉപാധികള്‍ അംഗീകരിക്കാൻ ഇറാൻ ഭരണകൂടം തയ്യാറായില്ലെങ്കില്‍ ഇന്ന് രാത്രിയോടെ ഇറാനിയൻ സംസ്കാരം തന്നെ ഇല്ലാതാകുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.
ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് യുഎസ് പ്രസിഡണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനുള്ള അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പുതിയ ഭീഷണി. 'ഒരു വലിയ സംസ്കാരം ഇന്ന് രാത്രി ഇല്ലാതാകും, അത് ഇനി ഒരിക്കലും തിരികെ കൊണ്ടുവരാനാവില്ല. അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കും,' എന്നാല്‍ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് കുറിച്ചു. അമേരിക്കൻ സമയം രാത്രി 8 മണിയോടെ (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ആണ് ട്രംപ് ഇറാന് നല്‍കിയിരിക്കുന്ന സമയം അവസാനിക്കുന്നത്.
ഇറാന്റെ പാലങ്ങള്‍, വൈദ്യുതി നിലയങ്ങള്‍, മറ്റ് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ബോംബിട്ടു തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം അമേരിക്കൻ വ്യോമാക്രമണം തടയാൻ വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യചങ്ങല തീർക്കാൻ ഇറാൻ ഭരണകൂടം യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. താൻ അടക്കം 14 ദശലക്ഷം ഇറാനികള്‍ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.

