ന്യൂഡല്‍ഹി : ഡല്‍ഹിയിലെ പ്രധാന സമരകേന്ദ്രമായ ജന്തർ മന്തറിന് പകരം പ്രക്ഷോഭങ്ങള്‍ക്കായി സമാനമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് സതീഷ് ചന്ദ് കൗശിക് സമർപ്പിച്ച ഹർജിയില്‍ കേന്ദ്ര സർക്കാരിനും ഡല്‍ഹി ഭരണകൂടത്തിനും നോട്ടീസ് അയച്ചത്. വിഷയം വളരെ പ്രധാനപ്പെട്ടതാണെന്ന് നിരീക്ഷിച്ച പരമോന്നത കോടതി, ഹർജിയിലെ ആവശ്യങ്ങളില്‍ അധികാരികളില്‍ നിന്ന് അടിയന്തര നിർദ്ദേശങ്ങള്‍ തേടാൻ സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ജന്തർ മന്തറിലെ തുടർച്ചയായ പ്രക്ഷോഭങ്ങള്‍ പ്രാദേശികവാസികളുടെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനൊപ്പം അവശ്യസാധനങ്ങളുടെയും അടിയന്തര വൈദ്യസഹായത്തിന്റെയും വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയും (സിജെപി) പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും അടുത്തിടെ ജന്തർ മന്തറില്‍ നടത്തിയ വൻ പ്രക്ഷോഭങ്ങളും അതിനെത്തുടർന്നുണ്ടായ ലാത്തിച്ചാർജ് ഉള്‍പ്പെടെയുള്ള സംഘർഷങ്ങളുമാണ് ഈ വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചത്. ജൂലൈ 20-നുണ്ടായതുപോലുള്ള അക്രമസംഭവങ്ങളും ക്രമസമാധാന തകർച്ചയും ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി വേണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച കാര്യവും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയെങ്കിലും, ക്രമസമാധാനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അധികാരികള്‍ക്ക് അറിയാമെന്ന് വ്യക്തമാക്കിയ കോടതി, വരാനിരിക്കുന്ന രാഷ്‌ട്രീയ മാർച്ചിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിക്കുകയും പ്രധാന ഹർജി പ്രത്യേകമായി വാദം കേള്‍ക്കാൻ മാറ്റിവെക്കുകയും ചെയ്തു.
രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജന്തർ മന്തറില്‍ വൻ ജനക്കൂട്ടം തടിച്ചുകൂടുമ്പോള്‍ വേണ്ടത്ര ശുചിമുറി സൗകര്യങ്ങളോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഇല്ലെന്നും ഇത് പരിസര മലിനീകരണത്തിന് ഇടയാക്കുന്നുണ്ടെന്നും ഹർജിയില്‍ ആരോപിക്കുന്നുണ്ട്. സാധാരണക്കാരായ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും ജീവിതത്തെയും ബാധിക്കാത്ത രീതിയില്‍ സമരങ്ങള്‍ക്ക് അനുയോജ്യമായ മറ്റ് തുറസ്സായ സ്ഥലങ്ങള്‍ കണ്ടെത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പതിറ്റാണ്ടുകളായി വിവിധ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് വേദിയാകുന്ന ജന്തർ മന്തറിന്റെ ഭാവി തീരുമാനിക്കുന്നതിലും പൊതു പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനായുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിലും സുപ്രീം കോടതിയുടെ ഈ നീക്കം നിർണ്ണായകമാകും.

