ടെലികോം വിപണിയില്‍ ജിയോയിലൂടെയും ശീതളപാനീയ വിപണിയില്‍ കാമ്പയിലൂടെയും സൃഷ്ടിച്ച വൻ വിപ്ലവം ഇനി ഇന്ത്യൻ ഐസ്‌ക്രീം വിപണിയിലേക്കും വ്യാപിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ഒരുങ്ങുന്നു.
റിലയൻസ് കണ്‍സ്യൂമർ പ്രൊഡക്‌ട്സ് ലിമിറ്റഡ് (ആർ.സി.പി.എല്‍.) 'ബോംബെ ക്രീമറി' എന്ന പുതിയ ബ്രാൻഡുമായി ഐസ്‌ക്രീം വിപണിയിലേക്ക് ഔദ്യോഗികമായി ചുവടുവെച്ചു. കപ്പുകള്‍, കോണുകള്‍, സ്റ്റിക്ക് ഐസ്‌ക്രീമുകള്‍ എന്നിവ വെറും 10 രൂപയെന്ന അവിശ്വസനീയമായ പ്രാരംഭ വിലയിലാണ് റിലയൻസ് വിപണിയിലെത്തിക്കുന്നത്.
നിലവില്‍ പടിഞ്ഞാറൻ ഇന്ത്യയില്‍ തുടക്കം കുറിച്ച ബ്രാൻഡ് വൈകാതെ രാജ്യവ്യാപകമായി വിപുലീകരിക്കാനാണ് പദ്ധതി. അമുല്‍ ഉള്‍പ്പെടെയുള്ള മുൻനിര ബ്രാൻഡുകള്‍ നിലവില്‍ ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളില്‍ 20 രൂപയ്ക്ക് ഏറ്റവും കുറഞ്ഞ വിലയിലുള്ള ഐസ്‌ക്രീമുകള്‍ ലഭ്യമാക്കുമ്പോഴാണ്, അതിന്റെ പകുതി വിലയായ 10 രൂപയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കി റിലയൻസ് നേരിട്ടുള്ള വിപണി പിടിച്ചെടുക്കലിന് തുടക്കമിടുന്നത്. റിലയൻസിന്റെ അപ്രതീക്ഷിത കടന്നുവരവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു; മുൻനിര ബ്രാൻഡുകളുടെ ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി.
ഗുണനിലവാരത്തില്‍ ഒത്തുതീർപ്പുകളില്ലാതെ യഥാർത്ഥ ഡയറി ക്രീം ഉപയോഗിച്ചാണ് ബോംബെ ക്രീമറി ഐസ്‌ക്രീമുകള്‍ നിർമ്മിക്കുന്നതെന്ന് റിലയൻസ് കണ്‍സ്യൂമർ പ്രൊഡക്‌ട്സ് ഡയറക്ടർ ടി. കൃഷ്ണകുമാർ വ്യക്തമാക്കി. എല്ലാ ഇന്ത്യൻ കുടുംബങ്ങള്‍ക്കും താങ്ങാനാവുന്ന വിലയില്‍ തനതായ ഐസ്‌ക്രീം രുചി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. ഉയർന്ന താപനിലയും ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും കാരണം അതിവേഗം വളരുന്ന ഇന്ത്യൻ ഐസ്‌ക്രീം വിപണി 2035-ഓടെ 16.10 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മുൻപ് 10 രൂപയ്ക്ക് കാമ്പ കോള പുറത്തിറക്കി ശീതളപാനീയ വിപണിയിലെ കുത്തകകളെ വിറപ്പിക്കുകയും, കാമ്പയിലൂടെ മാത്രം 4,700 കോടി രൂപയുടെ വില്‍പ്പന കൈവരിക്കുകയും ചെയ്ത അതേ തന്ത്രമാണ് ഐസ്‌ക്രീം രംഗത്തും റിലയൻസ് ആവർത്തിക്കുന്നത്. റിലയൻസിന്റെ വിപുലമായ വിതരണ ശൃംഖലയും ആകർഷകമായ വിലക്കുറവും ഒന്നിക്കുന്നതോടെ ഐസ്‌ക്രീം രംഗത്തെ പരമ്പരാഗത വമ്പന്മാർക്കും പുതിയ ബ്രാൻഡുകള്‍ക്കും ബോംബെ ക്രീമറി കടുത്ത വെല്ലുവിളിയാകുമെന്നുറപ്പാണ്.

